പോർഷെ നിർമ്മിച്ച ബെൻസ്

മെഴ്‌സിഡസ് ബെൻസ് 500ഇ

ജർമ്മൻ കാർ നിർമ്മാതാക്കളാണ് പോർഷെയും മേഴ്‌സിഡസ് ബെൻസും. ലക്ഷ്വറി കാറുകൾ നിർമ്മിക്കുന്നതിന്റെ പേരിൽ പ്രശസ്തരാണ് മെർക്കെങ്കിൽ ഹൈപെർഫോമൻസ് സ്‌പോർട്ട്‌സ് കാറും എസ് യു വികളും നിർമ്മിക്കുന്നതിൽ പ്രശസ്തരാണ് പോർഷെ. ഇവർ രണ്ട് പേരും ചേർന്നൊരു കാർ നിർമ്മിച്ചാൽ അത് കലക്കും അല്ലേ? എന്നാൽ കേട്ടോളും ബെൻസ് പോർഷെയുടെ സഹകരണത്തോടെ ഒരു കാർ പുറത്തിറക്കിയിട്ടുണ്ട്. 

ആട്ടിൻ തോലണിഞ്ഞ ചെന്നായ് എന്ന് മെർക്ക് അധികൃതർ വിശേഷിപ്പിച്ച മെഴ്‌സിഡസ് ബെൻസ് 500ഇ എന്ന കാറാണ് പോർഷേയുടെ സഹകരണത്തോടെ നിർമ്മിച്ചത്. 1990 മുതൽ 1995 വരെ മാത്രമേ 500ഇ നിർമ്മിച്ചിട്ടുള്ളു. ഹാൻഡ് മെയ്ഡായാണ് 500ഇ യുടെ ഓരോ കാറും നിർമ്മിച്ചത്. ഏകദേശം 18 ദിവസം കൊണ്ട് നിർമിച്ച കാറിന്റെ നിർമ്മാണവും വളരെ സങ്കീർണതകൾ നിറഞ്ഞതായിരുന്നു. മൂന്ന് ഘട്ടമായി നിർമ്മിക്കുന്ന കാർ ബെൻസിന്റെ ഡബ്ല്യു 124 ചെയ്‌സിലാണ് ഉത്പാദിപ്പിച്ചിരിക്കുന്നത്.

പോർഷെയുടെ ഫാക്റ്ററിൽ ചെയ്‌സിന്റെ ബലം വർദ്ധിപ്പിച്ച് ബോഡി നിർമ്മിക്കുന്ന കാറിന്റെ ഇന്റീരിയർ നിർമ്മിക്കുന്നതും, പെയ്ന്റ് വർക്ക് നടത്തുന്നതും മെർക്കിന്റെ ഫാക്റ്ററിയിലെത്തിച്ചാണ്. മെർക്കിൽ നിന്ന് തിരിച്ച് പോർഷെയുടെ ഫാക്റ്ററിയിലെത്തിയാൽ എഞ്ചിനും, ഡ്രൈവ്‌ട്രെയിൻ ഘടകങ്ങളും നിർമ്മിക്കും. അതിനുശേഷം നേരെ ഷോറൂമിലേയ്ക്ക്. 

പോർഷെ നിർമ്മിച്ച ബെൻസിന് 5.0 ലിറ്റർ വി8 പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. മെർക്കിന്റെ എസ് എൽ 500 ൽ ഉപയോഗിച്ചിരിക്കുന്ന എഞ്ചിൻ തന്നെയായിരുന്നു 500ഇ ലും ഉപയോഗിച്ചിരിക്കുന്നത്. 4973 സിസി കപ്പാസിറ്റിയുള്ള എഞ്ചിൻ 5700ആർപിഎമ്മിൽ 322 ബിഎച്ച്പി കരുത്തും 3900 ആർപിഎമ്മിൽ 480 എൻഎം ടോർക്കും നൽക്കുന്നുണ്ട്. 1990 മുതൽ 1995 വരെയുള്ള കാലയളവിൽ 10,479 കാറുകൾ മാത്രമേ നർമ്മിച്ചിട്ടുള്ളു. ബെൻസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായാണ് 500ഇ കണക്കാക്കുന്നത്.