1000 കോടി നിക്ഷേപിക്കുമെന്നു മെഴ്സീഡിസ് ബെൻസ് ഇന്ത്യ

ആഡംബര കാർ നിർമാണ സൗകര്യം വിപുലീകരിക്കാൻ മഹാരാഷ്ട്രയിൽ 1,000 കോടി രൂപയുടെ നിക്ഷേപത്തിനു ജർമൻ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യ തീരുമാനിച്ചു. കമ്പനിയുടെ മാനേജിങ് ഡയറക്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇബെർഹാദ് കെണും നിയുക്ത മേധാവി റോളണ്ട് ഫോൾജറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണു വികസനപദ്ധതി പ്രഖ്യാപിച്ചത്. കമ്പനിയുടെ വികസന പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ഫഡ്നാവിസ് വാഗ്ദാനം ചെയ്തു.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജൽയുക്ത് ശിവർ പദ്ധതിയിലും മെഴ്സീഡിസ് ബെൻസ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്കു സംഭാവന നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

പ്രീമിയം ബ്രാൻഡായ ‘മേബാ’ ശ്രേണിയിലെ ‘എസ് 500’ പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയിൽ നിർമിക്കുമെന്നു മെഴ്സീഡിസ് ബെൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യയിൽ നിർമിക്കുന്ന ഏറ്റവും ആഡംബരപൂർണമായ മെഴ്സീഡിസ് ബെൻസ് മോഡലായും ‘മേബാ എസ് 500’ മാറും. പോരെങ്കിൽ ജർമനിക്കു പുറത്ത് ‘മേബാ എസ് 500’ നിർമിക്കപ്പെടുന്ന ഏക രാജ്യവുമാകുകയാണ് ഇന്ത്യ.