ഒാടിക്കാൻ കൊടുത്ത ബെൻസ് അടിച്ചു മാറ്റി

ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിന് എടുത്ത ബെൻസ് കാറും മോഷ്ടിച്ച് അജ്ഞാതൻ കടന്നു. മുംബൈയിലാണ് സംഭവംനടന്നത്. ബെൻസിന്റെ സിഎൽ എ സ്പോർട്ട് ആണ് മോഷണം പോയത്.

ഹോട്ടലുടമയും വ്യവസായിയുമാണെന്നു പരിചയപ്പെടുത്തി നവി മുംബൈയിലെ ഓഫീസിലെത്തിയ അജ്ഞാതൻ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ലൈസൻസ് പോലും വാങ്ങി വയ്ക്കാതെ ഷോറൂം അധികൃതർ ഇദ്ദേഹത്തിന് കാർ കൊടുത്തു വിട്ടു. കൂടെ കമ്പനിയിലെ ഒരു എക്സിക്യൂട്ടീവിനെയും വിട്ടു. ഒരു ഹോട്ടലിലേക്ക് കാർ കൊണ്ടു പോയ ഇയാൾ കമ്പനി പ്രതിനിധിയോട് അകത്ത് കാത്തിരിക്കാൻ ആവശ്യപ്പെട്ട ശേഷം കാറുമായി സ്ഥലം വിട്ടു.

ചതിവ് മനസ്സിലായതോടെ എക്സിക്യൂട്ടീവ് ഷോറൂം അധികൃതരെ വിവരം അറിയിച്ചു. അവർ ഉടനെ തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കള്ളനെ പിടികൂടാനായിട്ടില്ല. . 35 ലക്ഷം രൂപ വിലയുള്ള കാറാണ് സിഎൽ എ സ്പോർട്ട്.