ബ്രസീലിൽ മെഴ്സീഡിസ് ബെൻസ് കാർ നിർമാണം തുടങ്ങി

Mercedes-Benz GLA

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിന്റെ ബ്രസീലിലെ പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങി. ഇരെസ്മാപൊലിസിൽ 60 കോടി ബ്രസീലിയൻ റിയൽ(ഏകദേശം 1087.18 കോടി രൂപ) ചെലവിൽ സ്ഥാപിച്ച നിർമാണശാല പ്രവർത്തനം തുടങ്ങുമ്പോൾ 600 പേർക്കാണു തൊഴിലവസരം ലഭിക്കുക. സലൂണായ ‘സി ക്ലാസ്’, കോംപാക്ട് എസ് യു വിയായ ‘ജി എൽ എ ക്ലാസ്’ എന്നിവയാണു ബ്രസീലിലെ പുതിയ ശാലയിൽ നിന്നു തുടക്കത്തിൽ പുറത്തിറങ്ങുക. ഇതോടെ ആഗോളതലത്തിൽ 26 കേന്ദ്രങ്ങളിൽ കമ്പനിക്കു കാർ നിർമാണ സൗകര്യമായന്നു മെഴ്സീഡിസ് ബെൻസ് കാഴ്സിൽ മാനുഫാക്ചറിങ് — സപ്ലൈ ചെയിൻ മാനേജ്മെന്റ് ചുമതലയുള്ള ഡിവിഷനൽ ബോർഡ് അംഗം മാർകസ് ഷ്വാഫർ അറിയിച്ചു. പ്രാദേശികമായ കാർ നിർമാണം ആരംഭിക്കുന്നത് ആഗോളതലത്തിൽ കമ്പനിയുടെ മത്സരക്ഷമത വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘സി ക്ലാസ്’ സലൂണുമായി പ്രവർത്തനം ആരംഭിക്കുന്ന ഇരെസ്മാപൊലിസ് ശാലയിൽ നിന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ ‘ജി എൽ എ ക്ലാസ്’ കോംപാക്ട് എസ് യു വിയും പുറത്തിറക്കാനാണു മെഴ്സീഡിസ് ബെൻസിന്റെ പദ്ധതി. ആദ്യഘട്ടത്തിൽ 20,000 യൂണിറ്റാണു ശാലയുടെ വാർഷിക ഉൽപ്പാദനശേഷി. ഇന്ത്യയിൽ പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാലയുടെ സഹോദരപ്ലാന്റ് എന്ന നിലയിലാണു കമ്പനി ബ്രസീലിലെ ശാല വികസിപ്പിച്ചിരിക്കുന്നത്; ചക്കനിലും പ്രധാനമായും ‘സി ക്ലാസ്’ സലൂണാണ് മെഴ്സീഡിസ് ബെൻസ് ഇന്ത്യ ഉൽപ്പാദിപ്പിക്കുന്നത്. ആഗോളതലത്തിൽ നിർമാണസൗകര്യം വർധിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണു മെഴ്സീഡിസ് ബെൻസ് ബ്രസീലിൽ പുതിയ ശാല സ്ഥാപിച്ചത്. ആഗോളതലത്തിൽ അസംബ്ലി ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബ്രസീലിനു പുറമെ ഇന്ത്യ, ഇന്തൊനീഷ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെയും കമ്പനി പരിഗണിക്കുന്നുണ്ട്.