Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർപ്പൻ പ്രകടനം ആവർത്തിക്കുമെന്നു മെഴ്സീഡിസ്

Mercedes Benz

ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തിൽ ഇക്കൊല്ലവും മികച്ച വിൽപ്പന കൈവരിക്കാനാവുമെന്നു ജർമൻ ബ്രാൻഡായ മെഴ്സീഡിസ് ബെൻസ്. കഴിഞ്ഞ വർഷമാണു കമ്പനിയുടെ ഇന്ത്യയിലെ വിൽപ്പന ആദ്യമായി 10,000 യൂണിറ്റ് പിന്നിട്ടത്. 2013 കലണ്ടർ വർഷം 9,003 വിറ്റ മെഴ്സീഡിസ് ബെൻസിന്റെ കഴിഞ്ഞ വർഷത്തെ വിൽപ്പന 10,201 കാറുകളായിരുന്നു. ഇന്ത്യൻ ആഡംബര കാർ വിപണിയിൽ നേതൃസ്ഥാനത്തുള്ള ഔഡിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ മെഴ്സീഡിസ് ബെൻസ്; ജർമനിയിൽ നിന്നു തന്നെയുള്ള ബി എം ഡബ്ല്യുവിനാണു മൂന്നാം സ്ഥാനം.

പുണെയിലെ ശാലയുടെ സ്ഥാപിത ശേഷിയായ 10,000 യൂണിറ്റ് ഏറെക്കുറെ പൂർണ വിനിയോഗത്തിലെത്തിയെന്നു മെഴ്സീഡിസ് ബെൻസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഇബെർഹാദ് കെൺ വെളിപ്പെടുത്തി. വിൽപ്പനയിലെ വർധന പരിഗണിച്ച് ചക്കനിലുള്ള അസംബ്ലിങ് പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതോടെ സമീപ ഭാവിയിലെ വർധിച്ച ആവശ്യം കൂടി നിറവേറ്റാൻ ഈ ശാല സജ്ജമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ 1,000 കോടി രൂപയുടെ വികസന പ്രവർത്തനം ഏറ്റെടുത്ത മെഴ്സീഡിസ് ബെൻസ് ആവശ്യമെങ്കിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനു തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശേഷി വർധിച്ചതോടെ കൂടുതൽ മോഡലുകൾ പ്രാദേശികമായി നിർമിക്കാനും മെഴ്സീഡിസ് ബെൻസിനാവും. ഇന്ത്യയിൽ നിർമിക്കുന്ന ആറാമത്തെ മോഡലായി ’സി എൽ എ ക്ലാസ് വൈകാതെ പുറത്തെത്തുമെന്നും കെൺ അറിയിച്ചു. വിദേശ നിർമിത കാറുകൾ ഇറക്കുമതി ചെയ്തു വിൽക്കുന്നതിനെ അപേക്ഷിച്ച് കിറ്റുകൾ ഇന്ത്യയിലെത്തിച്ച് അസംബ്ൾ ചെയ്താൽ താരതമ്യേന കുറഞ്ഞ വിലയ്ക്കു വിൽക്കാമെന്നതാണു നേട്ടം. കഴിഞ്ഞ ദിവസം രണ്ടു പുതിയ മോഡലുകളും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു: ’ഇ 400 കബ്രിയോളെയും പുതിയ ’സി എൽ എസ് 250 സി ഡി ഐ കൂപ്പെയും. ഡൽഹി ഷോറൂമിൽ യഥാക്രമം 78.50 ലക്ഷം രൂപയും 76.50 ലക്ഷം രൂപയുമാണ് ഈ മോഡലുകൾക്കു വില.

’ഇ 400 കബ്രിയോളെയ്ക്കു കരുത്തേകുന്നത് മൂന്നു ലീറ്റർ പെട്രോൾ എൻജിനാണ്; ’സി എൽ എസ് ക്ലാസിലുള്ളത് നാലു സിലിണ്ടർ, 2.2 ലീറ്റർ ഡീസൽ എൻജിനും. ഇതാദ്യമായാണു മെഴ്സീഡിസ് ബെൻസ് ഡീസൽ എൻജിനോടെ ’സി എൽ എസ് ക്ലാസ് വിൽപ്പനയ്ക്കെത്തിക്കുന്നത്.

ഇക്കൊല്ലം ’15 ഇൻ 15 പദ്ധതിയുടെ ഭാഗമായി 15 പുതിയ അവതരണങ്ങളും 15 പുതിയ ഡീലർഷിപ്പുകളുമാണു കമ്പനി ലക്ഷ്യമിടുന്നതെന്നു കെൺ വ്യക്തമാക്കി. ഇതോടെ 39 നഗരങ്ങളിലായി മെഴ്സീഡിസ് ബെൻസിന് 71 ഡീലർഷിപ്പുകളാവുമെന്നും അദ്ദേഹം അറിയിച്ചു.

VIEW FULL TECH SPECS
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.