കായിക മേഖലയ്ക്കു പിന്തുണയുമായി മെഴ്സീഡിസ്

ഇന്ത്യൻ കായിക മേഖലയുടെ വികസനത്തിനായി ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസും ലോറിയസ് സ്പോർട് ഫോർ ഗുഡുമായി ധാരണയിലെത്തി. ലോറിയസ് പിന്തുണയ്ക്കുന്ന പദ്ധതികളായ ‘ഓസ്കർ’, ‘യുവ’ എന്നിവയ്ക്കു സാമ്പത്തിക സഹായം നൽകാനാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യയുടെ പദ്ധതി. മുംബൈയും ഝാർഖണ്ടും ആസ്ഥാനമായാണു ലോറിയസ് ‘ഓസ്കർ’, ‘യുവ’ പദ്ധതികൾ നടപ്പാക്കുന്നത്. മെഴ്സീഡിസ് ബെൻസിന്റെ പിന്തുണ ലഭിക്കുന്നതോടെ പദ്ധതികൾ കൂടുതൽ കുട്ടികളിലത്തിക്കാനും യുവതീ യുവാക്കളെ കായിക മേഖലയിലേക്ക് ആകർഷിക്കാനും കഴിയുമെന്നാണു ലോറിയസിന്റെ പ്രതീക്ഷ.

ദക്ഷിണ മുംബൈയിൽ നടപ്പാക്കുന്ന ‘ഓസ്കർ’ പദ്ധതിയെ നാലു പുതിയ ചേരി പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് ലോറിയസ് തയാറെടുക്കുന്നത്. മഹാലക്ഷ്മി, മാഹിം വെസ്റ്റ്(ധാരാവി), ജോഗേശ്വരി(ഭാരത് നഗർ), താണെ മേഖലകളിലേക്കാണു മെഴ്സീഡിസ് ബെൻസിന്റെ സഹായത്തോടെ പദ്ധതി എത്തുക. ‘യുവ’ പദ്ധതിയിൽഅടിസ്ഥാന സൗകര്യ വികസനത്തിനു പുറമെ വിദ്യാഭ്യാസ സഹായമായും മെഴ്സീഡിസിന്റെ പിന്തുണ പ്രയോജനപ്പെടുത്തുമെന്നു ലോറിയസ് അറിയിച്ചു.