മിറ്റ്സുബിഷി മോട്ടോഴ്സിന്റെ ഇല്ലിനോയ് ശാല പ്രവർത്തനം നിർത്തി

യു എസിലെ കാർ ഉൽപ്പാദനം അവസാനിപ്പിക്കുകയാണെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോഴ്സ്. കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിലായതിനൊപ്പം നോർത്ത് അമേരിക്കയിലെ വാഹന വിൽപ്പനയിൽ നേരിടുന്ന ഏറ്റക്കുറച്ചിലും വിനിമയ നിരക്കിൽ ഡോളർ കരുത്താർജിച്ചതുമൊക്കെയാണു മിറ്റ്സുബിഷിയെ ഈ തീരുമാനത്തിലേക്കു നയിച്ചത്. ജീവനക്കാരെ ഏറ്റെടുക്കണമെന്ന വ്യവസ്ഥയോടെ ഇല്ലിനോയിലെ നോർമലിലുള്ള വാഹന നിർമാണ ശാല വാങ്ങാൻ ആരും മുന്നോട്ടുവന്നിട്ടില്ലെന്നും മിറ്റ്സുബിഷി സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ ഏതെങ്കിലും വാഹന നിർമാതാക്കൾക്കു നോർമൽ പ്ലാന്റ് വിൽക്കാമെന്ന പ്രതീക്ഷ അസ്തമിച്ചെന്നു കമ്പനി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ മറ്റേതെങ്കിലും വ്യവസായത്തിനു ശാല വിൽക്കാനാവുമോ എന്നാണു മിറ്റ്സുബിഷി മോട്ടോഴ്സ് ഇപ്പോൾ അന്വേഷിക്കുന്നത്.

ഇല്ലിനോയ് ശാലയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഫലമായി നടപ്പു സാമ്പത്തിക വർഷംം 2000 കോടി മുതൽ 3000 കോടി യെന്നിന്റെ(ഏകദേശം 1131.32 കോടി മുതൽ 1696.97 കോടി രൂപ വരെ) വരെ അസാധാരണ നഷ്ടം നേരിടുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ മിറ്റ്സുബിഷി മോട്ടോഴ്സ് വക്താവ് സന്നദ്ധനായില്ല. എസ് യു വിയായ ‘ഔട്ട്ലാൻഡർ സ്പോർട്ടി’ന്റെ ഉൽപ്പാദന കേന്ദ്രമായാണു മിറ്റ്സുബിഷി നോർമലിലെ ശാല വികസിപ്പിച്ചത്. എന്നാൽ കഴിഞ്ഞ നവംബറോടെ ഈ കാറിന്റെ ഉൽപ്പാദനം നിർത്തിയതോടെ ആയിരത്തോളം പേർക്കു ജോലിയും നഷ്ടമായിരുന്നു. കാർ നിർമാണം അവസാനിപ്പിച്ചെങ്കിലും നോർമലിൽ വാഹന ഘടക നിർമാണം മേയ് അവസാനം വരെ തുടരുമെന്നു മിറ്റ്സുബിഷി മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണോടെ ഇതും നിലയ്ക്കുന്നതോടെ 250 ജീവനക്കാർക്കു കൂടി തൊഴിൽ നഷ്ഷമാവും. യു എസിൽ നടത്തിയിരുന്ന ‘ഔട്ട്ലാൻഡർ സ്പോർട്’ ഉൽപ്പാദനം ജപ്പാനിലേക്കു പറിച്ചുനടാനാണു മിറ്റ്സുബിഷിയുടെ പദ്ധതി. മിറ്റ്സുബിഷിയും അന്നത്തെ പങ്കാളിയായിരുന്ന ക്രൈസ്ലറും ചേർന്നുള്ള സംയുക്ത സംരംഭമായ നോർമൽ ശാല 1988ലാണു പ്രവർത്തനം തുടങ്ങിയത്. എന്നാൽ 2012ൽ നെതർലൻഡ്സിലെ വാഹന ഉൽപ്പാദനം അവസാനിപ്പിച്ച മിറ്റ്സുബിഷി മോട്ടോഴ്സ് ജപ്പാനിലും ദക്ഷിണ പൂർവ ഏഷ്യയിലും റഷ്യയിലുമായി വാഹന നിർമാണം കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ്.

പിക് അപ് ട്രക്കുകളുടയും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുടെയും വിൽപ്പന കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഏഷ്യൻ രാജ്യങ്ങളിലും മറ്റു വികസിത വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ മിറ്റ്സുബിഷി തീരുമാനിച്ചിരിക്കുന്നത്. യു എസിലെ വാഹന വിൽപ്പനയിൽ ഇടിവു നേരിടുമ്പോഴും ഏഷ്യയിലും മറ്റ് വികസിത വിപണികളിലും മിറ്റ്സുബിഷി വിൽപ്പന വളർച്ച കൈവരിച്ചു മുന്നേറുകയാണ്. യു എസിൽ നിന്നുള്ള പിൻമാറ്റത്തെതുടർന്നു മിറ്റ്സുബിഷിയുടെ പ്രധാന കയറ്റുമതി കേന്ദ്രമായും ജപ്പാൻ മാറുകയാണ്; നിലവിൽ മൂന്നു ശാലകളുള്ള തായ്ലൻഡ് കേന്ദ്രീകരിച്ചാണു കമ്പനിയുടെ കയറ്റുമതി. ഡോളറുമായുള്ള വിനിമയത്തിൽ യെൻ ദുർബലമായതിനാൽ ജപ്പാനിലെത്തുന്നതോടെ ഉൽപ്പാദന ചെലവ് കുറയ്ക്കാമെന്നും മിറ്റ്സുബിഷി കണക്കുകൂട്ടുന്നു. നിലവിൽ തായ്ലൻഡിലും ഫിലിപ്പൈൻസിലുമാണു മിറ്റ്സുബിഷി കാറുകൾ നിർമിക്കുന്നത്. പോരെങ്കിൽ ‘പജീറൊ സ്പോർട്’ പോലുള്ള എസ് യു വികളുടെ നിർമാണത്തിനായി ഇന്തൊനീഷയിൽ പുതിയ ശാല സ്ഥാപിക്കുമെന്നു കമ്പനി കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു.