ഇരുചക്രവാഹന നിർമാണവും ഏറ്റെടുക്കാൻ എം ആൻഡ് എം

Mojo

മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡി(എം ടി ഡബ്ല്യു എൽ)ന്റെ ഇരുചക്രവാഹന നിർമാണ, വിപണന വിഭാഗങ്ങൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ച നിർദേശം കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചതായി എം ആൻഡ് എം അറിയിച്ചു. എം ടി ഡബ്ല്യു എല്ലിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗം വിഭജിച്ചെടുത്ത് മഹീന്ദ്രയ്ക്കു കൈമാറാനുള്ള നിർദേശത്തിനാണു യോഗം അംഗീകാരം നൽകിയത്. ഇതോടെ ഇരുചക്രവാഹന നിർമാണവുമായി ബന്ധപ്പെട്ട് എം ടി ഡബ്ല്യു എല്ലിനുള്ള ആസ്തികളും ബാധ്യതകളുമൊക്കെ എം ആൻഡ് എം ഏറ്റെടുക്കാനും ധാരണയായി.

വിപണന സാധ്യതയേറിയ പ്രീമിയം ഇരുചക്രവാഹന വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണു മഹീന്ദ്രയുടെ വിശദീകരണം. വാഹന രൂപകൽപ്പന, വികസന മേഖലകളിൽ കമ്പനിക്കുള്ള മികവ് ഇരുചക്രവാഹന വിഭാഗത്തിലും ആവർത്തിക്കാനാവുമെന്നും മഹീന്ദ്ര കരുതുന്നു. വാഹന നിർമാണവും വിൽപ്പനയും വിപണനവുമൊക്കെ കൈമാറുന്നതോടെ എം ടി ഡബ്ല്യുവിന്റെ പ്രവർത്തന മേഖല സ്പെയർ പാർട്സ് വ്യാപാരത്തിലൊതുങ്ങും.

യാത്രാ — യൂട്ടിലിറ്റി — വാണിജ്യ വാഹന വിഭാഗങ്ങളിലെല്ലാം പ്രാതിനിധ്യമുള്ള എം ആൻഡ് എം നിലവിൽ ത്രിചക്ര വാഹനങ്ങൾ മുതൽ ട്രക്കുകളും ബസ്സുകളും വരെ നിർമിച്ചു വിൽക്കുന്നുണ്ട്. ഇരുചക്രവാഹന നിർമാണം കൂടി ഏറ്റെടുക്കുന്നതോടെ എം ആൻഡ് എമ്മിനും എം ടി ഡബ്ല്യു എല്ലിനും അവരവരുടെ വ്യാപാര ലക്ഷ്യങ്ങൾ കാര്യക്ഷമമായും ആദായകരമാവും പൂർത്തിയാക്കാനാവുമെന്നാണു പ്രതീക്ഷ.