മാർച്ചിനകം 9 മോഡൽ അവതരിപ്പിക്കുമെന്നു മഹീന്ദ്ര

M&M Executive Director Pawan Goenka and President & Chief Executive (Automotive) M&M Pravin Shah at the launch of an upgraded version of the XUV500.

അടുത്ത മാർച്ചിനകം ഒൻപതു മോഡലുകൾ അവതരിപ്പിക്കുമെന്നു യൂട്ടിലിറ്റി വാഹന(യു വി) നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). യാത്രാവാഹന വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാനായി രണ്ടു പുത്തൻ കോംപാക്ട് എസ് യു വികൾക്കു പുറമെ നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളുമാണു കമ്പനി ഈ സാമ്പത്തിക വർഷം പുറത്തിറക്കുക.

ഇതിന്റെ ഭാഗമായി നവീകരിച്ച ‘എക്സ് യു വി 500’ കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചു; ഡൽഹി ഷോറൂമിൽ 15.99 ലക്ഷം രൂപയുള്ള ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനു പുറമെ സെഡാനായ ‘വെരിറ്റൊ’യുടെ ഇലക്ട്രിക് വകഭേദവും അടുത്ത മാസത്തിനകം അവതരിപ്പിക്കുന്നുണ്ടെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക അറിയിച്ചു.

നിലവിൽ ഡൽഹി ഷോറൂമിൽ 6.65 ലക്ഷം മുതൽ 8.17 ലക്ഷം രൂപ വരെ വിലയുള്ള ‘ക്വാണ്ടൊ’യാണു മഹീന്ദ്ര ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ. ഇതിലും കുറഞ്ഞ വിലയ്ക്ക് പുതിയ കോംപാക്ട് എസ് യു വികൾ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ ശ്രമമെന്നു ഗോയങ്ക വെളിപ്പെടുത്തി.

സെഡാനായ ‘വെരിറ്റൊ’യുടെ ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ കമ്പനി കൂടുതൽ മുതൽമുടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പകരം ഈ പ്ലാറ്റ്ഫോമിന്റെ സാധ്യത പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ബാറ്ററിയിൽ ഓടുന്ന ‘വെരിറ്റൊ’ അവതരിപ്പിക്കുന്നത്. എന്നാൽ ‘വെരിറ്റൊ’ നഷ്ടമുണ്ടാക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ‘വെരിറ്റൊ’ നവീകരിക്കാനും തൽക്കാലം പരിപാടിയില്ല. വൈദ്യുത വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം കൂടി ലക്ഷ്യമിട്ടാണു ബാറ്ററിയിൽ ഓടുന്ന ‘വെരിറ്റൊ’യുടെ വരവെന്നും ഗോയങ്ക വിശദീകരിച്ചു.

ഏതാനും വർഷമായി തുടരുന്ന തിരിച്ചടികൾക്കു ശേഷം ഇന്ത്യൻ വാഹന വ്യവസായം തിരിച്ചുവരവിന്റെ പാതയിലാണെന്നും അദ്ദേഹം വിലയിരുത്തുന്നു. ഏപ്രിലിൽ മികച്ച വിൽപ്പനയാണു രേഖപ്പെടുത്തിയത്. വരും മാസങ്ങളിലും സ്ഥിതിഗതി മെച്ചപ്പെടുമെന്നു ഗോയങ്ക പ്രതീക്ഷ പ്രകടിപ്പിച്ചു.