മോഹിത് കുമാർ മാലിക് ‘മാരുതി സുസുക്കി യങ് ഡ്രൈവർ’

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സംഘടിപ്പിച്ച ‘മാരുതി സുസുക്കി ഓട്ടോകാർ യങ് ഡ്രൈവർ 2015’ മത്സരത്തിൽ ഫരീദബാദ് സ്വദേശിയായ മോഹിത് കുമാർ മാലിക് ജേതാവായി. 41,000 മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണു വിദഗ്ധ സമിതിയുടെ വിധി നിർണയത്തിൽ ഏറ്റവുമധികം പോയിന്റ് നേടിയ മാലിക് ജേതാവായത്. ‘മാരുതി സുസുക്കി ഓട്ടോകാർ യങ് ഡ്രൈവർ’ മത്സരത്തിന്റെ ഏഴാം പതിപ്പിലെ ജേതാവായ മാലിക്കിന് പുതിയ ‘മാരുതി ഓൾട്ടോ 800’ കാറാണു സമ്മാനമായി ലഭിക്കുക. ഓട്ടോ കാർ ഇന്ത്യ എഡിറ്റർ ഹോമസ്ദ് സൊറാബ്ജി, നടൻ ബൊമൻ ഇറാനി, മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ്) ആർ എസ് കാൽസി, രാഷ്ട്രീയ ലോക്ദൾ ജനറൽ ജനറൽ സെക്രട്ടറി ജയന്ത് ചൗധരി എന്നിവർ ചേർന്നാണു സമ്മാനദാനം നിർവഹിക്കുന്നത്.

ഡ്രൈവിങ് മികവ്, ഗതാഗത നിയമം, റോഡ് സുരക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം വിലയിരുത്തുന്ന പ്രായോഗിക, സൈദ്ധാന്തിക പരീക്ഷകൾക്കൊടുവിലാണു ‘മാരുതി സുസുക്കി ഓട്ടോകാർ യങ് ഡ്രൈവർ 2015’ ജേതാവിനെ നിർണയിച്ചത്. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള, 18നും 30നും മധ്യേ പ്രായമുള്ളവർക്കായിരുന്നു മൂന്നു ഘട്ടമായി നടത്തിയ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. റജിസ്റ്റർ ചെയ്തവർക്കെല്ലാം ആദ്യഘട്ടമായ ഓൺലൈൻ തിയറി ക്വിസ്സിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 42 മാരുതി ഡ്രൈവിങ് സ്കൂളുകളിലായിരുന്നു രണ്ടാം ഘട്ട മത്സരങ്ങൾ. അവസാന ഘട്ടത്തിലെത്തിയവർക്കുള്ള മത്സരങ്ങൾ ഡൽഹിയിലായിരുന്നു; സുരക്ഷയ്ക്കും വാഹന നിയന്ത്രണത്തിനും പുറമെ സാങ്കേതിക ജ്ഞാനവും ഡ്രൈവിങ് വേളയിൽ അതിന്റെ പ്രയോഗവുമൊക്കെ ഉൾപ്പെടുന്ന 20 പോയിന്റുകൾ ആധാരമാക്കിയായിരുന്നു വിധി നിർണയം.

ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ആൻഡ് ട്രാഫിക് റിസർച്ചി(ഐ ഡി ടി ആർ)ൽ നടന്ന അവസാന ഘട്ടത്തിൽ 30 മത്സരാർഥികളായിരുന്നു രംഗത്ത്. ഐ ഡി ടി ആറിൽ കാഠിന്യമേറിയ മാർഗതടസ്സങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം സജ്ജീകരിച്ച ട്രാക്കിലായിരുന്നു ഫൈനൽ മത്സരം. ഹിൽ ക്ലൈംബ്, റിവേഴ്സ് എസ് കർവ് തുടങ്ങിയവ അടക്കമുള്ള പ്രതിബന്ധങ്ങളാണു ഫൈനലിലെ ആദ്യ സ്ഥാനക്കാരെ കാത്തിരുന്നത്. ട്രാഫിക് ചിഹ്നങ്ങൾ തിരിച്ചറിയാനും അനുസരിക്കാനുമുള്ള കഴിവും വിലയിരുത്തിയാണ് ഐ ഡി ടി ആറിൽ നിന്നുള്ള വിദഗ്ധ സമിതി ജേതാക്കളെ തിരഞ്ഞെടുത്തത്.