മഴ കുറഞ്ഞാലും വാഹന വിൽപ്പന ഇടിയില്ലെന്നു ടാറ്റ

രാജ്യത്തു ലഭിച്ച മഴയിലെ കുറവ് വാഹന വിൽപ്പനയെ പ്രതികൂലമായി ബാധിക്കില്ലെന്നു ടാറ്റ മോട്ടോഴ്സ്; ഖനന, നിർമാണ മേഖലകളിൽ നിന്നുള്ള ആവശ്യം ഉയരുന്നതു ഗ്രാമീണ മേഖലയിലെ തിരിച്ചടിയെ അതിജീവിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണു കമ്പനി.

കൃഷിയെ മാത്രം ആശ്രയിച്ചല്ല വാഹന വിൽപ്പനയിലെ വളർച്ചയെന്നു ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ(കൊമേഴ്സ്യൽ വെഹിക്കിൾസ്) രവി പിഷാരടി അഭിപ്രായപ്പെട്ടു. സമ്പദ്​വ്യവസ്ഥ മൊത്തത്തിൽ പുരോഗതി കൈവരിക്കുന്നതിന്റെ പ്രതിഫലനം നിർമാണ, ഖനന മേഖലകളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. പോരെങ്കിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് മഴ ചതിച്ചതു ദുരന്തത്തിൽ കലാശിച്ചിട്ടില്ല; രാജ്യത്തിന്റെ പാതി മേഖലകളിൽ മികച്ച മഴ ലഭിച്ചിട്ടുമുണ്ട്. തുടർച്ചയായ രണ്ടോ മൂന്നോ വർഷങ്ങളിൽ ആവശ്യത്തിനു മഴ ലഭിക്കാതെ വരുമ്പോഴാണു നില ഗുരുതരമാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരുന്ന ദീപാവലി — നവരാത്രി ഉത്സവാഘോഷ വേളയിൽ വാഹന വിൽപ്പന മെച്ചപ്പെടുമെന്നാണു പിഷാരടിയുടെ പ്രതീക്ഷ. വരുംദിനങ്ങളിൽ വാഹന വിപണി പ്രത്യേകിച്ചു ചെറു വാഹനങ്ങളുടെ വിൽപ്പനയിൽ ഉണർവു പ്രകടമാവുമെന്ന് അദ്ദേഹം കരുതുന്നു.

നഷ്ടത്തിൽ അവസാനിച്ച, തുടർച്ചയായ അഞ്ചു പാദങ്ങൾക്കു ശേഷമാണു ടാറ്റ മോട്ടോഴ്സിന്റെ പ്രവർത്തനം കഴിഞ്ഞ ജൂണിൽ സമാപിച്ച ത്രൈമാസത്തിൽ ലാഭത്തിൽ കലാശിച്ചത്. വരുന്ന മൂന്നോ നാലോ പാദങ്ങളിലും പ്രവർത്തനം ലാഭകരമാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. വരുന്ന ഒരു വർഷക്കാലത്തെക്കുറിച്ച് ആശങ്കകളില്ലെന്നു പിഷാരടിയും വ്യക്തമാക്കുന്നു.

പോരെങ്കിൽ വാണിജ്യ വാഹന കയറ്റുമതിയിലും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കമ്പനി പുറത്തിറക്കിയ വാണിജ്യ വാഹനങ്ങൾ തികച്ചും മത്സരക്ഷമമവും മിക്ക വിദേശ വിപണികൾക്കും അനുയോജ്യവുമാണെന്നു പിഷാരടി വിശദീകരിച്ചു. അതുപോലെ വിദേശ നാണ്യ വിനിമയ നിരക്കിലെ ഇപ്പോഴത്തെ സ്ഥിതിയും ടാറ്റ മോട്ടോഴ്സ് പോലുള്ള വാഹന കയറ്റുമതിക്കാർക്ക് അനുകൂലമാണ്.