ഗുജറാത്തിലെ ശാല 28 മാസത്തിനകമെന്ന് എം ആർ എഫ്

ഭൂമി ലഭിച്ചാൽ അടുത്ത 28 മാസത്തിനകം ഗുജറാത്തിൽ പുതിയ നിർമാണശാല സ്ഥാപിച്ച് ഉൽപ്പാദനം ആരംഭിക്കുമെന്ന് എം ആർ എഫ് ടയേഴ്സ്. കമ്പനി നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് എം ആർ എഫ് ടയേഴ്സ് ഗുജറാത്തിൽ പുതിയ നിർമാണശാല പരിഗണിക്കുന്നത്. നേരത്തെ 4,500 കോടിയോളം രൂപ ചെലവിൽ തമിഴ്നാട്ടിലെ മൂന്നു നിർമാണശാലകളുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കാനും എം ആർ എഫ് നടപടി ആരംഭിച്ചിരുന്നു. തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കേരള സംസ്ഥാനങ്ങളിലായി ദക്ഷിണേന്ത്യയിൽ എട്ടു നിർമാണശാലകളാണ് എം ആർ എഫിനുള്ളത്; പ്രതിദിനം 1.2 ലക്ഷം ടയറുകളാണു കമ്പനിയുടെ മൊത്തം ഉൽപ്പാദനശേഷി.

പുതിയ ശാലയ്ക്കായി 400 ഹെക്ടറോളം സ്ഥലമാണ് എം ആർ എഫ് ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണു സൂചന. അഹമ്മദബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ബറൂച്ചിനെയാണു കമ്പനി ശാലയ്ക്കായി പരിഗണിക്കുന്നത്. 4,000 കോടിയോളം രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ശാലയ്ക്കായി നേരിട്ടു ഭൂമി വാങ്ങുന്നതിനു പകരം ഗുജറാത്ത് വ്യവസായ വികസന കോർപറേഷൻ(ജി ഐ ഡി സി) മുഖേന സ്ഥലം സ്വന്തമാക്കാനാണ് എം ആർ എഫിന്റെ ശ്രമം. വാഹന നിർമാണ മേഖലയിൽ ഗുജറാത്ത് കൈവരിക്കുന്ന വൻപുരോഗതിയാണു വിവിധ ടയർ നിർമാതാക്കളെയും സംസ്ഥാനത്തേക്ക് ആകർഷിക്കുന്നത്. ടാറ്റ മോട്ടോഴ്സും ഫോഡും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ലിമിറ്റഡും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡുമൊക്കെ ഗുജറാത്തിൽ പുതിയ ശാലകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

നിലവിൽ സിയറ്റ് ലിമിറ്റഡിനും അപ്പോളൊ ടയേഴ്സിനുമാണു സംസ്ഥാനത്തു നിർമാണശാലകളുള്ളത്. ഹാലോളിലെ ശാലയിൽ സിയറ്റ് പ്രതിദിനം 10,000 ടയറുകളാണ് ഉൽപ്പാദിപ്പിക്കുന്നത്. വഡോദരയ്ക്കടുത്ത് വഘോഡിയയിലാണ് അപ്പോളൊ ടയേഴ്സിന്റെ ശാല; ദിവസം തോറും 10,000 വാണിജ്യ ടയറുകളും 15,000 യാത്രാവാഹന ടയറുകളുമാണ് ഇവിടെ നിർമിക്കുന്നത്. എം ആർ എഫിനു പുറമെ തയ്വാനിൽ നിന്നുള്ള ടയർ നിർമാതാക്കളായ മാക്സിസ് ഗ്രൂപ്പും ഗുജറാത്തിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ ഒരുങ്ങുന്നുണ്ട്. 2,500 കോടി രൂപയാണു മാക്സിസ് ഗ്രൂപ്പിന്റെ ശാലയ്ക്കു ചെലവ് പ്രതീക്ഷിക്കുന്നത്.