ഗുജറാത്ത് ശാല ഒരു വർഷത്തിനകമെന്ന് എം ആർ എഫ്

ഗുജറാത്തിലെ ബറൂച്ചിൽ സ്ഥാപിക്കുന്ന പുതിയ ടയർ ഫാക്ടറിയുടെ നിർമാണപ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എം ആർ എഫ്. പുതിയ ശാലയ്ക്കായി ബറൂച്ച് മേഖലയിൽ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാമെന്നു കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ എം മാമ്മൻ അറിയിച്ചു. 4,500 കോടിയോളം രൂപ മുതൽമുടക്കു പ്രതീക്ഷിക്കുന്ന വമ്പൻ പദ്ധതിയാണു കമ്പനി ഗുജറാത്തിൽ ഏറ്റെടുക്കുന്നതെന്നും ‘ഇന്ത്യ റബർ എക്സ്പോ’യ്ക്കെത്തിയ കെ എം മാമ്മൻ വെളിപ്പെടുത്തി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടയർ നിർമാണശാലകൾക്കൊപ്പമാവും എം ആർ എഫിന്റെ ബറൂച്ച് ശാലയുടെ സ്ഥാനം. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ ഒറ്റ വർഷത്തിനുള്ളിൽ ശാല നിർമാണം പൂർത്തിയാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര വിപണിക്കു പുറമെ കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് എം ആർ എഫ് ഗുജറാത്തിൽ പുതിയ ടയർ നിർമാണശാല സ്ഥാപിക്കുന്നത്. കമ്പനിയുടെ എല്ലാ ഫാക്ടറികളും ആഭ്യന്തര വിൽപ്പനയ്ക്കൊപ്പം കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നു കെ എം മാമ്മൻ അറിയിച്ചു. ദക്ഷിണേന്ത്യയ്ക്കു പുറത്ത് വലിയ നിർമാണശാല സ്ഥാപിക്കാൻ നേരത്തെ ശ്രമിക്കാതിരുന്നത് ദൗർഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വളരെ ചലനാത്മകമായ സംസ്ഥാനമാണു ഗുജറാത്ത്; ഇവിടെ കാര്യങ്ങൾ അതിവേഗം നീങ്ങുന്നുണ്ടെന്നു അദ്ദേഹം വിലയിരുത്തി. ഇതുപോലെ സംരംഭകരോട് സൗഹാർദപരവും സഹായപൂർണവുമായ നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളുമുണ്ടെന്നത് ഏറെ ആഹ്ലാദകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രധാന വാഹന നിർമാതാക്കളുടെയെല്ലാം തന്ത്രപ്രധാന നിക്ഷേപ കേന്ദ്രമായി ഗുജറാത്ത് മാറുകയാണെന്നു സംസ്ഥാന സർക്കാരും അവകാശപ്പെടുന്നു. രാജ്യത്തു കാർ ഉൽപ്പാദനശേഷിയിൽ മുന്നിട്ടു നിൽക്കുന്ന ഹരിയാന, മഹാരാഷ്ട്ര, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളെ പിന്തള്ളാനാണു ഗുജറാത്തിന്റെ കുതിപ്പ്. അടുത്ത മൂന്നു നാലു വർഷത്തിനകം ഗുജറാത്തിലെ മൊത്തം കാർ ഉൽപ്പാദനശേഷി പ്രതിവർഷം 10 ലക്ഷം യൂണിറ്റോളമായി ഉയരുമെന്നാണ് ഔദ്യോഗിക കണക്ക്. ഒപ്പം അനുബന്ധ യന്ത്രഘടക നിർമാണ മേഖലയിൽ മുന്നൂറ്റി അൻപതോളം യൂണിറ്റുകളെയും സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. എം ആർ എഫിനു പുറമെ തയ്വാനിൽ നിന്നുള്ള ടയർ കമ്പനിയായ മാക്സിസ് ഗ്രൂപ്പും 2,500 കോടിയോളം രൂപ ചെലവിൽ ഗുജറാത്തിലെ സാനന്ദിൽ പുതിയ ടയർ നിർമാണശാല സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. നിലവിൽ ഹാലോളിൽ സീയറ്റിന്റെയും വഡോദരയിൽ അപ്പോളൊ ടയേഴ്സിന്റെയും പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.