ഒറ്റ കപ്പലിൽ 6,316 കാർ; മുംബൈയ്ക്കു റെക്കോഡ്

Representative Image

ഒറ്റ കപ്പലിൽ ഏറ്റവുമധികം കാറുകൾ കയറ്റി മുംബൈ തുറമഖം പുതിയ ചരിത്രം രചിച്ചു. തുറമുഖത്തെ പുതിയ ബെർത്തായ ‘ഒ സി ടി രണ്ടി’ലെത്തിയ കപ്പലിൽ 6,316 കാറുകൾ കയറ്റിയതാണു റെക്കോഡ് നേട്ടമായതെന്നു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിശദീകരിച്ചു. ഒറ്റത്തവണ 5,376 കപ്പലിൽ കയറ്റിവിട്ടതായിരുന്നു ഇതു വരെയുള്ള റെക്കോഡ്.

കഴിഞ്ഞ ആറിനു തുറമുഖത്തെത്തിയ ‘എം വി ഗോഗ് സെന്റ് പീറ്റേഴ്സ്ബർഗ്’ എന്ന കപ്പലാണു മുംബൈയ്ക്കു ചരിത്രനേട്ടം സമ്മാനിച്ചു മടങ്ങിയത്. ഒൻപതിനു തുറമുഖത്തു നിന്നു മെക്സിക്കോയിലേക്കു പുറപ്പെട്ട കപ്പലിൽ പ്രധാനമായും ജനറൽ മോട്ടോഴ്സ് നിർമിച്ച 3,115 കാറുകളും ഫോക്സ്വാഗൻ നിർമിച്ച 3,093 കാറുകളുമാണു കടൽ കടന്നത്. ഇന്ത്യൻ നിർമിത കാറുകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക വഴി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് മികച്ച പിന്തുണയാണു തുറമുഖം നൽകുന്നതെന്നും മുംബൈ തുറമുഖ ട്രസ്റ്റ് അറിയിച്ചു.

രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തെ തുറമുഖങ്ങളിൽ കാർ കയറ്റുമതിയിൽ ഒന്നാം സ്ഥാനവും മുംബൈ പോർട്ട് ട്രസ്റ്റ് അവകാശപ്പെടുന്നുണ്ട്. ഏതാനും വർഷമായി തുറമുഖം വഴിയുള്ള കാർ കയറ്റുമതിയിൽ 25% വീതം വളർച്ചയും രേഖപ്പെടുത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും കാര്യക്ഷമത വർധിപ്പിച്ചും ചരക്കു നീക്കത്തിനുള്ള ചെലവ് കുറയ്ക്കാൻ തുറമുഖം പ്രതിജ്ഞാബദ്ധമാണെന്നും മുംബൈ പോർട്ട് ട്രസ്റ്റ് വ്യക്തമാക്കി.