ഓട്ടോ എക്സ്പോയോടെ ‘മസ്താങ്’ ഇന്ത്യയിലേക്ക്

Ford Mustang

യു എസ് നിർമാതാക്കളായ ഫോഡിന്റെ ശ്രേണിയിലെ പ്രശസ്ത മോഡലായ ‘മസ്താങ് ജി ടി’ ഇന്ത്യയിലെത്തുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിലാവും കാറിന്റെ ഔപചാരിക അരങ്ങേറ്റം; തുടർന്ന് മാർച്ചോടെ ഇന്ത്യയിൽ കാറിന്റെ വിൽപ്പന തുടങ്ങുമെന്നാണു സൂചന. വിദേശത്തു നിർമിച്ച ‘മസ്താങ് ജി ടി’ ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക. വിദേശ വിപണികളിൽ നിന്നു വ്യത്യസ്തമായി പരിമിത എൻജിൻ സാധ്യതകളോടെയാവും ‘മസ്താങ്’ ഇന്ത്യയിലെത്തുക. ആഗോളതലത്തിൽ നാലു ലൈറ്റ്വെയ്റ്റ് അലൂമിനിയം എൻജിൻ സാധ്യതകളാണു ‘മസ്താങ്ങി’ലുള്ളത്. എന്നാൽ ഇന്ത്യയിൽ 2.3 ലീറ്റർ ഇകോബൂസ്റ്റ് എൻജിനോ അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിനോ ആവും കാറിനു കരുത്തേകുക. ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്റർ സഹിതമുള്ള ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാവും ഇന്ത്യയ്ക്കുള്ള ട്രാൻസ്മിഷൻ സാധ്യത.

Ford Mustang

പരമാവധി 310 ബി എച്ച് പി കരുത്തും 434 എൻ എം ടോർക്കുമാണ് ‘ഇകോ ബൂസ്റ്റ്’ എൻജിൻ സൃഷ്ടിക്കുക; 3.7 ലീറ്റർ, വി സിക്സ് എൻജിനാവട്ടെ 300 ബി എച്ച് പി കരുത്തു 380 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. അഞ്ചു ലീറ്റർ, വി എയ്റ്റ് എൻജിനാവട്ടെ 45 ബി എച്ച് പി വരെ കരുത്തും 542 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. ‘ഷെൽബി 350’, ‘ഷെൽബി 350 ആർ’ വകഭേദങ്ങൾക്കു കരുത്തേകുന്നത് 5.2 ലീറ്റർ, വി എയ്റ്റ് എൻജിനാണ്; ഇവ ഇന്ത്യയിൽ എത്താൻ സാധ്യതയും കുറവാണ്. റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടാണ് ഇന്ത്യയ്ക്കായി നിർമിക്കുന്ന ‘മസ്താങ്ങി’ന്റെ പ്രധാന സവിശേഷത. കഴിഞ് ഓഗസ്റ്റിലാണു ഫോഡ് റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള ‘മസ്താങ്’ പുറത്തിറക്കുന്നത്. നോർത്ത് അമേരിക്കയിലെ മിച്ചിഗനിലുള്ള ഫ്ളാറ്റ്റോക്ക് അസംബ്ലി പ്ലാന്റിൽ നിന്നായിരുന്നു ആദ്യ ആർ എച്ച് ഡി ‘മസ്താങ്’ പുറത്തെത്തിയത്. കാർ നിരത്തിലെത്തി അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണു വലതു വശത്തു സ്റ്റീയറിങ്ങുള്ള ‘മസ്താങ്’ യാഥാർഥ്യമാവുന്നതെന്ന പ്രത്യേകതയുമുണ്ട്.

Ford Mustang

സ്വതന്ത്രമായ പിൻ സസ്പെൻഷൻ, എൽ ഇ ഡി സഹിതം എച്ച് ഐ ഡി ഹെഡ്ലാംപ് യൂണിറ്റ്, എൽ ഇ ഡി ഡീറ്റെയ്ൽഡ് ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ സോൺ എച്ച് വി എ സി സിസ്റ്റം, ലോഞ്ച് കൺട്രോൾ, ഇലക്ട്രോണിക് ലൈൻ ലോക്ക്, ഡ്രൈവ് മോഡ് സെലക്ടർ, ക്രോസ് ട്രാഫിക് അലെർട്ടോടെ ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, മുന്നിൽ ഇരട്ട എയർബാഗ് എന്നിവയൊക്കെ കാറിലുണ്ടാവും. യു കെയിൽ അവതരിപ്പിക്കുമ്പോൾ 29,995 പൗണ്ട്(ഏകദേശം 30.11 ലക്ഷം രൂപ) ആയിരുന്നു ‘ഇകോബൂസ്റ്റ്’ എൻജിനുള്ള ‘മസ്താങ്ങി’നു വില; വി എയ്റ്റ് എൻജിനുള്ള മോഡലിന് 33,995 പൗണ്ട്(34.12 ലക്ഷത്തോളം രൂപ) ആണു വില. ഇറക്കുമതി ചുങ്കവും മറ്റും ചേരുന്നതോടെ ഇന്ത്യയിലെത്തുമ്പോൾ ‘മസ്താങ് ജി ടി’യുടെ വില 60 മുതൽ 70 ലക്ഷം രൂപയോളമായി ഉയരുമെന്നാണു വിലയിരുത്തൽ.