‘നാനോ’യുടെ ഭാവി ഇപ്പോൾ പ്രവചിക്കാനാവില്ലെന്നു ടാറ്റ

കുഞ്ഞൻ കാറായ ‘നാനോ’യുടെ ഭാവി എന്താവുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നു നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. സമയവും സന്ദർഭവും അനുസരിച്ച് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സാവും ഈ വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുകയെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. വരുംവർഷങ്ങളിൽ വൻമുന്നേറ്റം ലക്ഷ്യമിട്ടു പദ്ധതികൾ ആവിഷ്കരിക്കുന്നതിനിടെ ‘നാനോ’യുടെ ഭാവി എന്താവുമെന്ന ചോദ്യം ടാറ്റ മോട്ടോഴ്സിനെ പതിവായി വിഷമവൃത്തത്തിലാക്കുന്നുണ്ട്. ഇടക്കാല ചെയർമാൻ രത്തൻ ടാറ്റയെ പോലെ ടാറ്റ ഗ്രൂപ് മേധാവികൾക്കു കൂടി താൽപര്യവും നിലപാടുമുള്ള വിഷയമെന്ന നിലയിൽ ‘നാനോ’ സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകുക കമ്പനിയെ സംബന്ധിച്ചിടത്തോളം എളുപ്പവുമല്ല.

സാമ്പത്തിക രംഗത്തു സുസ്ഥിര പ്രകടനം കാഴ്ചവയ്ക്കാനും 2019 ആകുമ്പോഴേക്ക് ഇന്ത്യൻ കാർ നിർമാതാക്കളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണു നിലവിൽ ടാറ്റ മോട്ടോഴ്സ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. അതിനാലാവണം രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതിയായ ‘നാനോ’യുടെ ഭാവി എന്താവുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാനാവാതെ ടാറ്റ മോട്ടോഴ്സ് കുഴുങ്ങുന്നത്. അടുത്ത വർഷത്തോടെ യാത്രാവാഹന പ്ലാറ്റ്ഫോമുകളുടെ എണ്ണം നിലവിലുള്ള എട്ടിൽ നിന്നു രണ്ടായി കുറയ്ക്കുമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അഡ്വാൻസ്ഡ് മോഡുലർ പ്ലാറ്റ്ഫോം(എ എം പി) യാഥാർഥ്യമാക്കി രണ്ടു വകഭേദങ്ങളിൽ നിന്നായി ഏഴെട്ട് മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കാനാണു ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. വിപണിയുടെ കൂടുതൽ വിഭാഗങ്ങളിൽ സാന്നിധ്യം ഉറപ്പാക്കാനും പ്ലാറ്റ്ഫോം വിനിയോഗം വർധിപ്പിക്കാനും ഈ നടപടി സഹായിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

ഈ പുതിയ വിപണന തന്ത്രത്തിൽ ‘നാനോ’യും ഉൾപ്പെടുമോ എന്ന ചോദ്യത്തിന് അതൊക്കെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തലത്തിൽ തീരുമാനിക്കപ്പെടേണ്ട കാര്യമാണെന്നായിരുന്നു ടാറ്റ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗ്വന്റെർ ബട്ഷെക്കിന്റെ മറുപടി. കഴിഞ്ഞ വർഷം മധ്യത്തോടെ തന്നെ പുതിയ തന്ത്രം ബോർഡ് ഓഫ് ഡയറക്ടേഴ്സിനു മുന്നിൽ അവതരിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.  ‘നാനോ’ പദ്ധതി മൂലമുള്ള സഞ്ചിത നഷ്ടം 1,000 കോടിയിലേറെ രൂപയായെന്ന് കഴിഞ്ഞ ഒക്ടോബറിൽ സ്ഥാനഭൃഷ്ടനാക്കപ്പെട്ട ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രി ആരോപിച്ചിരുന്നു. നഷ്ടം സഹിച്ചും ‘നാനോ’ ഉൽപ്പാദനം തുടരേണ്ടെന്നു കമ്പനി തീരുമാനിക്കാത്തതു വൈകാരിക കാരണങ്ങളാലാണെന്നും മിസ്ത്രി കുറ്റപ്പെടുത്തിയിരുന്നു.