നേപ്പാളിൽ തകർന്ന 70 വിമാനങ്ങൾ

Tara Airlines

ലോക വ്യോമയാന പാതയിൽ ഏറ്റവും അപകടങ്ങളുണ്ടാകുന്ന സ്ഥലമായി മാറിയിരിക്കുകയാണ് നേപ്പാൾ. അപകടങ്ങൾ തുടർക്കഥയാകുമ്പോൾ നേപ്പാളിലെ വ്യോമയാന ബിസിനസിന്റെ നിലനിൽപ്പു തന്നെ അപകടത്തിലാകുന്നു. ഏറ്റവും ഒടുവിൽ 21 പേരുമായി പോയ ചെറു വിമാനം മലനിരകളിൽ ഇടിച്ചു തകർന്നിരിക്കുന്നു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും അതുമാത്രമാണോ നേപ്പാളിൽ തുടർക്കഥയാവുന്ന അപകടങ്ങൾക്ക് പിന്നിലെന്നത് ചിന്തനീയമാണ്. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെ പേരിൽ നേപ്പാളിൽ നിന്നുള്ള വിമാന സർവീസുകളെ 2013 മുതൽ യുറോപ്പിൽ‌ പ്രവേശിക്കുന്നതിൽ നിന്ന് യുറോപ്യൻ യൂണിയൻ വിലക്കുകപോലുമുണ്ടായി.

പ്രാദേശിക വിമാന കമ്പനിയായ താര എയർലൈൻസിന്റെ ട്വിൻ ഒട്ടെർ വിമാനമാണ് തകർന്നത്. ടേക്ക് ഓഫിനു 18 മിനിറ്റിനു ശേഷം വിമാനവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. കഠ്മണ്ഡുവിന് 200 കിലോമീറ്റർ പടിഞ്ഞാറുള്ള പൊഖാറയിലെ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. വടക്കുള്ള ജോംസോം വിമാനത്താവളത്തിലേക്കായിരുന്നു യാത്ര. മലനിരകളിൽ ട്രക്കിങ്ങിനു പോകുന്നവരുടെ സ്റ്റാർട്ടിങ് പോയിന്റാണ് ജോംസോം. രണ്ട് വിമാനത്താവളങ്ങൾക്കിടയിൽ വേറെ എവിടെയും വിമാനത്തിന് ഇറങ്ങാൻ ലാൻഡിങ് സ്ട്രിപ്പ് ഉണ്ടായിരുന്നില്ല.

Yeti Airlines

1949 ലാണ് നേപ്പാളിൽ ആദ്യമായി വിമാനമിറങ്ങുന്നത്. ആ വർഷം തന്നെയെത്തി ആദ്യ അപകടം റോയൽ എയർഫോഴ്സിന്റെ വിമാനമായിരുന്നു ആദ്യമായി അപകടത്തിൽ പെട്ടത്. അതിനുശേഷം 2016 വരെയുള്ള 66 വർഷത്തിൽ ഏകദേശം 70 വിമാന അപകടങ്ങൾ നേപ്പാളിലുണ്ടായി അതിൽ നിന്നായി ഏകദേശം 700 ആളുകളാണ് മരിച്ചത്. 1999 ലാണ് നേപ്പാൾ വ്യോമയാന ചരിത്രത്തിലെ ഏറ്റവുമധികം അകപടമുണ്ടായ വർഷം നാല് വിമാനങ്ങളാണ് ആ വർഷം നേപ്പാളിൽ തകർ‌ന്നത്.

ട്വിൻ ഒട്ടെർ അപകടങ്ങളുടെ തോഴൻ

ദുഷ്ക്കരമായ സാഹചര്യങ്ങൾ പറക്കാനുള്ള കഴിവാണ് കനേഡിയൻ വിമാനമായ ട്വിൻ ഒട്ടെറിനെ നേപ്പാളി വിമാന കമ്പനികൾക്ക് പ്രിയങ്കരമാക്കിയത്. കാനഡയിലും അമേരിക്കയിലും ധാരാളം ഉപയോഗിക്കുന്ന വിമാനത്തെ ആദ്യമായി നേപ്പാളിലെത്തിയത് നേപ്പാളി റോയൽ ഫ്ലൈറ്റ് എന്ന് അറിയപ്പെടുന്ന നേപ്പാള്‍ എയർലൈൻസായിരുന്നു. ട്വിൻ ഒട്ടെറിന്റെ നേപ്പാളിലെ ആദ്യത്തെ അപകടവും നേപ്പാളി റോയൽ ഫ്ലൈറ്റിൽ പ്രവർത്തിക്കുമ്പോഴാണ്. 1970 ഫെബ്രുവരി 27 നായിരുന്നു അത്. പിന്നീടിങ്ങോട് 2016 വരെ 20 ട്വൻ ഒട്ടെർ വിമാനങ്ങളാണ് അപകടത്തിൽ പെട്ടിരിക്കുന്നത്.

Crash in 2013

നേപ്പാളിലുണ്ടായ അപകടങ്ങളിൽ‌ ഭൂരിഭാഗവും രാജ്യത്തെ തന്നെ വിമാന കമ്പനികളാണ് എങ്കിലും മറ്റു രാജ്യങ്ങളിലെ വിമാനകമ്പനികളുടെ വിമാനങ്ങൾ‌ക്കും നേപ്പാളിൽ വെച്ച് അപകടങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യൻ എയർലൈൻസിന്റെ വിമാനങ്ങൾ രണ്ടു തവണ നേപ്പാളിൽ തകർന്നിട്ടുണ്ട് കൂടാതെ തായ് എയർലൈൻസ്, പാക്കിസ്ഥാൻ എയർലൈൻസ് തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളും നേപ്പാളിൽ തകർ‌ന്നു വീണിട്ടുണ്ട്.

നേപ്പാൾ എയർലൈൻസ്

Nepal Airlines

നേപ്പാളിലെ ഏറ്റവും പഴക്കം ചെന്ന വിമാനകമ്പനി നേപ്പാൾ എയർലൈൻസ് തന്നെയാണ് രാജ്യത്തെ വിമാനപകടങ്ങളിൽ മുന്നിൽ. 1958 ആരംഭിച്ച നേപ്പാൾ എയർലൈൻസിന്റെ ആദ്യ അപകടം രണ്ടു വർഷത്തിനു ശേഷം 1960 ൽ തന്നെയുണ്ടായി. പിന്നീടിങ്ങോട്ട് ഏകദേശം 15 അപകടങ്ങളിലായി 133 ആളുകളാണ് മരിച്ചിട്ടുള്ളത്.

താര എയർലൈൻസ്

2009 ൽ ആരംഭിച്ച നേപ്പാളി വിമാനകമ്പനിയാണ് താര. രാജ്യത്തിനകത്തെ 14 വ്യത്യസ്ത സ്ഥലങ്ങളിലേയ്ക്ക് സർവീസ് നടത്തുന്ന കമ്പനിക്ക് 10 വിമാനങ്ങളാണുള്ളത്. അതിൽ 6 ട്വിൻ ഒട്ടെർ കമ്പനിയുടേതാണ്. 2010 ലാണ് താരയുടെ ആദ്യ വിമാനം അപകടത്തിൽ പെടുന്നത് (ട്വിൻ ഒട്ടെർ). ആ അപകടത്തിൽ 21 പേർ മരിച്ചു. ആ വർഷം തന്നെയുണ്ടായ മറ്റൊരു അപടകത്തിൽ 22 പേരും ഇപ്പോഴുണ്ടായ അപകടത്തിൽ 21 പേരും മരിച്ചു.