ഡെയ്മ്ലർ എ ജിക്കു പുതിയ കോർപറേറ്റ് ലോഗോ

ജർമൻ വാഹന നിർമാണ കോർപറേഷനായ ഡെയ്മ്ലർ എ ജി കോർപറേറ്റ് ലോഗോ പരിഷ്കരിച്ചു; പുതിയ ലോഗോ കഴിഞ്ഞ 26നു പ്രാബല്യത്തിലുമെത്തി. അകത്തളത്തിലും പുറത്തും ഉപയോഗിക്കാൻ ലക്ഷ്യമിട്ടു പരിഷ്കരിച്ച രൂപകൽപ്പനയിൽ വെള്ളി നിറമാണു ലോഗോയിലെ പ്രധാന വർണം. ബ്രഷ്ഡ് അലൂമിനിയം പ്രതലത്തിൽ ഹൈ ഗ്ലോസ് ക്രോമിലാണു ‘ഡെയ്മ്ലർ’ എന്ന് ആലേഖനം ചെയ്തിരിക്കുന്നത്. അതേസമയം നിലവിലുണ്ടായിരുന്ന ലോഗോയുടെ അടിസ്ഥാന ഘടനയിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല.

പാരമ്പര്യത്തെയും ഭാവിയെയും കലാപരമായി സമന്വയിപ്പിക്കുന്ന അത്യാധുനിക കമ്പനിയെന്നതു പ്രതിഫലിപ്പിക്കാനാണ് വെള്ളി നിറത്തിനു പ്രാമുഖ്യമുള്ള ബ്രഷ്ഡ് അലൂമിനിയം പ്രതലത്തിലെ ഹൈ ഗ്ലോസ് ക്രോം ലോഗോയെന്നു ഡെയ്മ്ലർ എ ജി ഡിസൈൻ മേധാവി ഗോർഡൻ വേജ്നർ വിശദീകരിക്കുന്നു. കോർപറേറ്റ് പ്രതിച്ഛായയിൽ ക്രമാനുഗത വികസനമാണു ഡെയ്മ്ലർ ലക്ഷ്യമിടുന്നതെന്ന സന്ദേശം കൂടി ഉൾക്കൊള്ളുന്നതാണു പുതിയ ലോഗോ ഘടന. ഡെയ്മ്ലർ എന്ന കുടക്കീഴിലുള്ള ബ്രാൻഡുകളെ സംബന്ധിച്ചിടത്തോളം കൂടുതൽ മൂല്യവും പുതുമയും ഉറപ്പാക്കാനാണു പുതിയ വർണ സങ്കലനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്തെന്നു കമ്പനിയുടെ ഗ്ലോബൽ കമ്യൂണിക്കേഷൻസ് മേധാവി ജോർജ് ഹോവ് അറിയിച്ചു.