ആൻഡ്രൂ പാമർ അശോക് ലേയ്‌ലാൻഡ് ഡയറക്ടർ

കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി നിസ്സാൻ മുൻമേധാവി ആൻഡ്രൂ സി പാമറെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെടുത്തതായി വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലാൻഡ്. വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരം ലഭിക്കുന്നതിനു വിധേയമായിട്ടാവും പാമറുടെ നിയമനം. നിലവിൽ ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ആസ്റ്റൻ മാർട്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണു പാമർ. അശോക് ലേയ്‌ലാൻഡും നിസ്സാനുമായി 2008 മേയിൽ സ്ഥാപിച്ച സംയുക്ത സംരംഭത്തിന്റെ പ്രധാന ശിൽപ്പിയായിരുന്നു പാമർ.

ജപ്പാനിലെ നിസ്സാൻ മോട്ടോർ കമ്പനിയിൽ ലഘു വാണിജ്യ വാഹന ബിസിനസ് യൂണിറ്റിന്റെ ചുമതലക്കാരനായ കോർപറേറ്റ് വൈസ് പ്രസിഡന്റെന്ന നിലയിലാണു പാമർ അന്ന് അശോക് ലേയ്‌ലാൻഡുമായി സഹകരിച്ചത്. അശോക് ലേയ്‌ലാൻഡിനെ നയിച്ചിരുന്ന ആർ ശേഷസായി, വി സുമന്ത്രൻ എന്നിവരുമായി സഹകരിച്ച് 4,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രമാണു പാമർ തമിഴ്നാട് സർക്കാരുമായി ഒപ്പിട്ടത്. എൻജിൻ നിർമാണത്തിനും വാഹന അസംബ്ലിക്കും സാങ്കേതികവിദ്യ വികസനത്തിനുമൊക്കെയുള്ള ശാലകൾക്കായി ചെന്നൈയ്ക്കടുത്ത് ധാരാളം സ്ഥലവും അശോക് ലേയ്‌ലാൻഡ് — നിസ്സാൻ സംയുക്ത സംരംഭം സ്വന്തമാക്കിയിരുന്നു.

എന്നാൽ നിസ്സാനിലെ 24 വർഷത്തെ സേവനം അവസാനിപ്പിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാമർ കമ്പനി വിട്ടു. ആ വേളയിൽ നിസ്സാൻ മോട്ടോർ കമ്പി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ചീഫ് പ്ലാനിങ് ഓഫിസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമൊക്കെയായിരുന്നു പാമർ. തുടർന്ന് 2014 ഒക്ടോബറിലാണ് അദ്ദേഹം ആസ്റ്റൻ മാർട്ടിന്റെ നേതൃനിരയിലെത്തിയത്.