സ്വിഫ്റ്റിന്റെ പുതിയ പതിപ്പെത്തുന്നു

മാരുതിയുടെ ജനപ്രിയ ഹാച്ചായ സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് എത്തുന്നു. യൂറോപ്പിൽ അടക്കം നിരവധി രാജ്യാന്തര വിപണികളിലുള്ള കാറിന്റെ 2017 പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ നിരവധി രാജ്യന്തര മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 2017 ൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്വിഫ്റ്റിന്റെ പ്രൊ‍ഡക്ഷൻ മോഡല്‍ 2016 പാരീസ് മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്.

മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കിയ ബലേനോയുടെ പ്ലാറ്റ്ഫോമിലായിക്കും പുതിയ സ്വിഫ്റ്റും എത്തുക. അടിമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങുക. പുതിയ ഗ്രിൽ, ടെയിൽ ലാമ്പ്, ബംബർ എന്നിവയായിരിക്കും പുറംഭാഗത്തെ പ്രധാന മാറ്റങ്ങൾ. ഉൾഭാഗത്ത് പുതിയ ഡാഷ് ബോർഡ്, സ്റ്റിയറിംഗ്, പുതിയ സീറ്റുകൾ എന്നിവയുണ്ടാകും.

1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിൻ എന്നിവയെകൂടാതെ 1.3 ലിറ്റർ ഡീസൽ എൻജിനും വാഹനത്തിലുണ്ടാകും. കൂടാതെ മാരുതി, സേലേറിയോ, സ്വിഫ്റ്റ് ഡിസയർ എന്നിവയിൽ ഉപയോഗിക്കുന്ന 5 സ്പീഡ് എഎംടി ഗീയർബോക്സും പുതിയ സ്വിഫ്റ്റിലുണ്ടാകും എന്നാണ് കരുതുന്നത്.