ഹോണ്ട ‘ജാസ്’ തിരിച്ചെത്തി; വില 5.30 ലക്ഷം മുതൽ

മുൻ അനുഭവത്തിൽ നിന്നു പഠിച്ച പാഠങ്ങളുമായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് പ്രീമിയം ഹാച്ച്ബാക്കായ ‘ജാസ്’ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. അമിത വിലയുടെ പേരിൽ കഴിഞ്ഞ തവണ വിപണിയോടു വിട പറയേണ്ടി വന്ന മോഡലാണു ‘ജാസ്’; അതുകൊണ്ടുതന്നെ ഇത്തവണ അടിസ്ഥാന മോഡലിന് ഡൽഹി ഷോറൂമിൽ 5.30 ലക്ഷം വിലയോടെയാണു ‘ജാസി’ന്റെ വരവ്. പ്രധാന എതിരാളിയായ ഹ്യുണ്ടായ് ‘എലീറ്റ് ‘ഐ 20’ കാറിന്റെ അടിസ്ഥാന മോഡലിനോടു കിട പിടിക്കുന്ന വില നിലവാരമാണിത്. അതേസമയം ‘ജാസി’ന്റെ മുന്തിയ വകഭേദത്തിന് 8.59 ലക്ഷം രൂപയാണു ഹോണ്ട നിശ്ചയിച്ചിരിക്കുന്ന വില.

‘ജാസി’ന്റെ പഴയ തലമുറ മോഡലിന്റെ ഇന്ത്യയിലെ ഉൽപ്പാദനവും വിൽപ്പനയും 2013ലാണ് ഹോണ്ട അവസാനിപ്പിച്ചത്. 2009ൽ വിൽപ്പനയ്ക്കെത്തുമ്പോൾ ഏഴു ലക്ഷം രൂപയിലേറെ രൂപയായിരുന്നു ‘ജാസി’നു വില. വില കൂടുതലാണെന്ന വിലയിരുത്തൽ തിരിച്ചടിയായതോടെ നിരത്തിലെത്തിയ വേള മുതൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ ‘ജാസി’നു കഴിഞ്ഞിരുന്നില്ല. തുടർന്ന് 2011 ഓഗസ്റ്റിൽ വിലയിൽ ഒന്നര ലക്ഷത്തോളം രൂപയുടെ കുറവ് പ്രഖ്യാപിച്ചതോടെ കാറിനു പ്രിയമേറി.

പക്ഷേ വൻ വിലക്കിഴിവ് അനുവദിച്ചതു മുതൽ ‘ജാസ്’ വിൽപ്പന ഹോണ്ടയ്ക്കു നഷ്ടക്കച്ചവടമായി മാറി. അതുകൊണ്ടുതന്നെ ‘ജാസി’ന്റെ വിൽപ്പന നിയന്ത്രിക്കാൻ കമ്പനിക്കു രഹസ്യമായി ശ്രമിക്കേണ്ടിയും വന്നു. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ‘ജാസി’ന്റെ പ്രതിമാസ വിൽപ്പന 400 യൂണിറ്റിൽ താഴെയായി പരിമിതപ്പെടുത്തുകയെന്ന തന്ത്രമാണ് അതോടെ കമ്പനി പയറ്റിയത്. ഈ രഹസ്യ നിയന്ത്രണത്തെ തുടർന്ന് ‘ജാസി’നുള്ള കാത്തിരിപ്പേറി. ഇതോടെ ഉപയോക്താക്കൾക്കു ഹോണ്ടയോടുള്ള താൽപര്യം കൂടി നഷ്ടമാവുന്ന സാഹചര്യം വന്നതോടെ ‘ജാസി’ന്റെ ഉൽപ്പാദനം തന്നെ നിർത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ തവണത്തേതിൽ നിന്നു വ്യത്യസ്തമായി ഡീസൽ എൻജിനോടെയും ഇക്കുറി ‘ജാസ്’ വിൽപ്പനയ്ക്കുണ്ട്. പെട്രോൾ മോഡലുകൾക്ക് 5.3 മുതൽ 7.29 ലക്ഷം രൂപ വരെ വിലയുള്ളപ്പോൾ ഡീസൽ എൻജിനുള്ള ‘ജാസ്’ സ്വന്തമാക്കാൻ 6.49 മുതൽ 8.59 ലക്ഷം രൂപ വരെ മുടക്കണം. ഓട്ടമാറ്റക് വകഭേദങ്ങളുടെ വിലയാവട്ടെ 6.99 ലക്ഷം രൂപ മുതൽ 7.85 ലക്ഷം രൂപ വരെയാണ്.

ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ‘ജാസ്’കമ്പനിയെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കട്സുഷി ഇനൂ. ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്കുള്ള തിരിച്ചുവരവാണു ‘ജാസി’ലൂടെ കമ്പനി നടത്തുന്നതെന്നായിരുന്നു ഏഷ്യ ഹോണ്ട മോട്ടോർ കമ്പനി പ്രസിഡന്റും ഡയറക്ടറുമായ നോരിയാകി ആബെയുടെ പ്രതികരണം. ആഗോളതലത്തിൽ ഹോണ്ട വാഹന വിൽപ്പനയിൽ മികച്ച വളർച്ച നേടിക്കൊടുത്ത മോഡലാണു ‘ജാസ്’. ഇന്ത്യയിലും ഈ വിജയം ആവർത്തിക്കാൻ ‘ജാസി’നു കഴിയുമെന്ന് ആബെ പ്രത്യാശിച്ചു. ഹോണ്ടയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ തന്നെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ; ഏഷ്യ — ഓഷ്യാനിയ മേഖലയുടെ മൊത്തം വിൽപ്പനയിൽ 30% ഇന്ത്യയുടെ സംഭാവനയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാജസ്ഥാനിലെ തപുകരയിലുള്ള ശാലയിലാണു ഹോണ്ട പുതിയ ‘ജാസ്’ നിർമിക്കുന്നത്. ഈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി ഇപ്പോഴത്തെ 1.20 ലക്ഷം യൂണിറ്റിൽ നിന്ന് 1.80 ലക്ഷം യൂണിറ്റായി ഉയർത്താൻ 380 കോടി രൂപ നിക്ഷേപിക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്.

മികവു തെളിയിച്ച 1.2 ലീറ്റർ, ഐ വി ടെക് പെട്രോൾ എൻജിനാണു ‘ജാസി’നു കരുത്തേകുന്നത്. ഒപ്പം ‘അമെയ്സി’ൽ അരങ്ങേറുകയും ‘സിറ്റി’യിലും വിജയം ആവർത്തിക്കുകയും ചെയ്ത 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിൻ സഹിതവും ‘ജാസ്’ ലഭിക്കും. ആഗോളതലത്തിൽ തന്നെ ഡീസൽ എൻജിനുള്ള ‘ജാസ്’ വിൽപ്പനയ്ക്കെത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. പോരെങ്കിൽ ഇന്ത്യയിലല്ലാതെ മറ്റൊരു വിപണിയിലും ഡീസൽ ‘ജാസ്’ വിൽക്കാൻ തൽക്കാലം ഹോണ്ടയ്ക്കു പദ്ധതിയുമില്ല.