പുതിയ ‘ജാസി’ന്റെ ഒന്നാം വാർഷികം ആഘോഷിച്ചു ഹോണ്ട

പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ മൂന്നാം തലമുറ മോഡലിന്റെ ആദ്യ വാർഷികം ആഘോഷിക്കുന്ന തിരക്കിലാണു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). ഹോണ്ടയുടെ കഴിഞ്ഞ 12 മാസത്തിനിടയിലെ വിൽപ്പനയിൽ 26 ശതമാനത്തോളം 2015 ജൂലൈയിൽ നിരത്തിലെത്തിയ ‘ജാസി’ന്റെ സംഭാവനയായിരുന്നു. ആദ്യ വർഷം 47,335 യൂണിറ്റിന്റെ വിൽപ്പനയാണു ‘ജാസ്’ നേടിയത്. ഹോണ്ട ശ്രേണിയിൽ ആഗോളതലത്തിൽ വിജയം നേടിയ മോഡലായ ‘ജാസ്’ ലോകവ്യാപകമായി തന്നെ അംഗീകാരം നേടിയിട്ടുണ്ടെന്നു കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനോ അവകാശപ്പെട്ടു. ഇന്ത്യയിലും യുവാക്കളെയും നഗരമേഖലകളിലെ ഉപയോക്താക്കളെയും വശീകരിക്കാൻ മൂന്നാം തലമുറ ‘ജാസി’നു സാധിച്ചിട്ടുണ്ട്.

രൂപകൽപ്പനയിലെയും പാക്കേജിങ്ങിലെയും മികവിനൊപ്പം ആധുനിക, പുതുതലമുറ സി വി ടി സാങ്കേതികവിദ്യയും ‘ജാസി’നെ പ്രിയങ്കരമാക്കുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തി.
പെട്രോൾ എൻജിനൊപ്പം സി വി ടി ട്രാൻസ്മിഷനുമുള്ള ‘ജാസി’നോട് സാങ്കേതികമായി മികവു മോഹിക്കുന്ന ഇടപാടുകാർ താൽപര്യം കാട്ടിയിട്ടുണ്ട്; ഇന്ത്യയിലെ ‘ജാസ്’ വിൽപ്പനയിൽ 25 ശതമാനത്തോളം ഈ വകഭേദത്തിന്റെ വിഹിതമാണ്.മൂന്നാം തലമുറ ‘ജാസി’ന്റെ ആദ്യ വാർഷികം പ്രമാണിച്ച് പ്രത്യേക ആനുകൂല്യങ്ങളും ആഘോഷങ്ങളുമൊക്കെ ഹോണ്ട കാഴ്സ് സംഘടിപ്പിച്ചിട്ടുണ്ട്. ഈ വാരാന്ത്യത്തിൽ രാജ്യത്തെ ഹോണ്ട ഷോറൂമുകൾ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കും. വൈകുന്നേരങ്ങളിൽ ഷോറും സന്ദർശിക്കുന്നവർക്കായി പ്രത്യേക കലാപരിപാടികളും സമ്മാനപദ്ധതിയുമൊക്കെ കമ്പനി ഒരുക്കിയിട്ടുണ്ട്.

പെട്രോൾ, ഡീസൽ എൻജിനുകളോടെയാണു ഹോണ്ട മൂന്നാം തലമുറ ‘ജാസി’നെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചത്; 1.5 ലീറ്റർ, ഐ ഡി ടെക് ഡീസൽ എൻജിൻ കരുത്തേകുന്ന ‘ജാസ്’ ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ചതാണ്. കൂടാതെ ഈ വിഭാഗത്തിൽ ഇതാദ്യമായി പാഡിൽ ഷിഫ്റ്റ് സാങ്കേതികവിദ്യ സഹിതം സി വി ടി ട്രാൻസ്മിഷൻ എത്തിയതും പെട്രോൾ ‘ജാസി’ലാണ്. മാനുവൽ ട്രാൻസ്മിഷനുള്ള ‘ജാസ്’ പെട്രോൾ, ഡീസൽ എൻജിനുകളോടെ ‘ഇ’, ‘എസ്’, ‘എസ് വി’, ‘വി’, ‘വി എക്സ്’ വകഭേദങ്ങളിൽ വിൽപ്പനയ്ക്കുണ്ട്; കൂടാതെ പെട്രോൾ എൻജിനുള്ള ‘ജാസി’ന്റെ ‘എസ്’, ‘വി’ വകഭേദങ്ങൾ സി വി ടിയോടെയും ലഭിക്കും.