‘ഹങ്കി’ന്റെ പരിഷ്കരിച്ച പതിപ്പുമായി ഹീറോ

Hero Hunk

തെല്ലും ശബ്ദകോലാഹലങ്ങളില്ലാതെ ഹീറോ മോട്ടോ കോർപ് ‘ഹങ്കി’ന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. മുന്നിൽ ഡിസ്ക് ബ്രേക്കുള്ള ‘ഹങ്കി’ന് ഡൽഹി ഷോറൂമിൽ 69,725 രൂപയും പിന്നിൽ കൂടി ഡിസ്ക് ബ്രേക്കുള്ള മോഡലിന് 72,825 രൂപയുമാണു വില. പരസ്യ പ്രചാരണങ്ങളോ ഔദ്യോഗിക സ്ഥിരീകരണമോ ഇല്ലെങ്കിലും ‘ഹങ്കി’ലെ പരിഷ്കാരം ഹീറോ മോട്ടോ കോർപിന്റെ വെബ്സൈറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. വൈകാതെ പരിഷ്കരിച്ച ‘ഹങ്ക്’ ഡീലർഷിപ്പുകളിൽ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന.

Hero Hunk

നിലവിലുള്ള ‘ഹങ്കി’ന്റെ പേശീബലം തുളുമ്പുന്ന രൂപകൽപ്പനയിൽ കാര്യമായ മാറ്റമൊന്നും ഹീറോ വരുത്തിയിട്ടില്ല; പക്ഷേ പുതിയ വർണങ്ങളും ഗ്രാഫിക്സും വന്നു. അനലോഗ് ടാക്കോമീറ്റർ, ഡിജിറ്റൽ സ്പീഡോമീറ്റർ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവ ഉൾപ്പെടുന്നതാണു പുതിയ ഇൻസ്ട്രമെന്റ് കൺസോൾ. അതേസമയം ട്യൂണിങ്ങിലെ പരിഷ്കാരത്തിലൂടെ കൂടുതൽ കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനാണ് ഈ ‘ഹങ്കി’ലെ പ്രധാന പുതുമ. ബൈക്കിലെ 150 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിന് 8,500 ആർ പി എമ്മിൽ 15.6 ബി എച്ച് പി വരെ കരുത്തും 7,000 ആർ പി എമ്മിൽ 13.5 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. മുമ്പ് ഇതേ എൻജിൻ സൃഷ്ടിച്ചിരുന്ന പരമാവധി കരുത്ത് 14.2 ബി എച്ച് പിയും ടോർക്ക് 12.8 എൻ എമ്മുമായിരുന്നു.

ബൈക്കിന്റെ പിൻസസ്പെൻഷനും ഹീറോ നവീകരിച്ചു; ഫൈവ് സ്റ്റെപ് അഡ്ജസ്റ്റബിൾ ഇൻവെർട്ടഡ് ഗ്യാസ് റിസർവോയർ സസ്പെൻഷനാണ് ഇടംപിടിച്ചത്. പുതിയ വിസ്കസ് എയർ ഫിൽറ്ററോടെ എത്തുന്ന ബൈക്കിന്റെ അളവുകളിലെ ഭാരത്തിലോ മാറ്റമൊന്നും വരുത്തിയിട്ടില്ല. മുന്നിൽ 240 എം എം ഡിസ്ക് ബ്രേക്കോടെ എത്തുന്ന ബൈക്കിന്റെ പിന്നിൽ 220 എം എം ഡിസ്ക്/130 എം എം ഡ്രം ബ്രേക്കുളാണു ലഭിക്കുക. 18 ഇഞ്ച് വീലിൽ ട്യൂബ്രഹിത ടയറുകളാണുള്ളത്. ബോൾഡ് ബ്രൗൺ, പാന്തർ ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, എബണി ഗ്രേ, ഫോഴ്സ് സിൽവർ, ബ്ലേസിങ് റെഡ് നിറങ്ങളിൽ ലഭ്യമാവുന്ന ‘ഹങ്കി’ന്റെ എതിരാളികൾ ഹോണ്ട ‘സി ബി യൂണികോൺ 160’, ബജാജ് ‘പൾസർ 150’, യമഹ ‘എഫ് സീ’ തുടങ്ങിയവയാണ്.