അണ്ണാ ഹസാരെയുടെ യാത്ര ഇനി ‘ഇന്നോവ’യിൽ

അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കു പേരു കേട്ട അണ്ണാ ഹസാരെയുടെ യാത്രകൾ ഇനി ടൊയോട്ടയുടെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഇന്നോവ’യിൽ. എട്ടു വർഷമായി താൻ ഉപയോഗിച്ചിരുന്ന മഹീന്ദ്ര ‘സ്കോർപിയോ’ ലേലം ചെയ്തു വിറ്റ പിന്നാലെയാണു ഹസാരെ പുതിയ ‘ഇന്നോവ’ സ്വന്തമാക്കിയത്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ റാലെഗാവ്സിദ്ധിയിലെത്തിയ ‘ഇന്നോവ’യിൽ ഹസാരെ കന്നിയാത്രയും നടത്തി.

‘ഇന്നോവ’യിലെ സീറ്റിങ് നടുവേദന മൂലം ബുദ്ധിമുട്ടുന്ന ഹസാരെയ്ക്ക് തികച്ചും അനുയോജ്യമാണെന്ന് അദ്ദേഹത്തിന്റെ അനുഭാവിയായ ദത്ത അവാരി അവകാശപ്പെട്ടു. ലോക്പാലിനായുള്ള പോരാട്ടത്തിലടക്കം ഹസാരെയ്ക്ക് ഒപ്പമുണ്ടായിരുന്ന ‘സ്കോർപിയൊ’ മേയ് 17നാണ് ലേലം ചെയ്തത്; ഹസാരെ ആരാധകനും അഹമ്മദ് നഗറിൽ നിന്നുള്ള കർഷകനുമായ അതുൽ ലോഖണ്ഡെയെന്ന പ്രവീൺ ആണ് ആ പഴയ ‘സ്കോർപിയോ’ 9.11 ലക്ഷം രൂപ വിലയ്ക്കു സ്വന്തമാക്കിയത്.

അണ്ണാ ഹസാരെ താൻ ഉപയോഗിച്ചിരുന്ന മഹീന്ദ്ര ‘സ്കോർപിയോ’ ലേലം ചെയ്യുന്നു.

അവാർഡുകൾ വഴി ഹസാരെയ്ക്കു ലഭിക്കുന്ന പണം കൈകാര്യം ചെയ്യാൻ രൂപീകൃതമായ സ്വാമി വിവേകാനന്ദ് ക്രുതുദ്നാഥ നിഥിക്കായിരുന്നു ‘സ്കോർപിയോ’യുടെ ഉടമസ്ഥാവകാശം. ജൻലോക്പാൽ നടപ്പാക്കാനായുള്ള പ്രക്ഷോഭവേളയിൽ ഹസാരെ നടത്തിയ പര്യടനങ്ങളത്രയും ഈ വാഹനത്തിലായിരുന്നെന്ന് അവാരി ഓർക്കുന്നു. അഴിമതിക്കാരായ മഹാരാഷ്ട്ര സംസ്ഥാന മന്ത്രിമാർക്കെതിരെ 2007ലും 2009ലും ഹസാരെ നടത്തിയ പോരാട്ടങ്ങളിലും കൂട്ടായി ഈ ‘സ്കോർപിയോ’ ഒപ്പമുണ്ടായിരുന്നു.