പുത്തൻ ‘ഫോർച്യൂണർ’ അവതരണം നവംബർ 7ന്

പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)നായി പട നയിക്കാൻ പുതുപുത്തൻ ‘ഫോർച്യൂണർ’ എത്തുന്നു. അടുത്ത ഏഴിനാണു പുതിയ ‘ഫോർച്യൂണറി’ന്റെ ഔപചാരികമായ അരങ്ങേറ്റം നിശ്ചയിച്ചിരിക്കുന്നത്. പുതുമകൾക്കും പരിഷ്കാരങ്ങൾക്കും പഞ്ഞമില്ലാതെയാണു പുത്തൻ ‘ഫോർച്യൂണർ’ എത്തുന്നതെന്നു ടി കെ എം വ്യക്തമാക്കി. കരുത്തേറിയ എൻജിൻ, സ്റ്റൈൽ സമ്പന്നമായ രൂപകൽപ്പന, ആഡംബരം തുളുമ്പുന്ന അകത്തളം എന്നിവയൊക്കെ പുതിയ ‘ഫോർച്യൂണറി’ൽ പ്രതീക്ഷിക്കാം.

ഓഫ് റോഡ് രംഗത്തും മികവു പുലർത്തുന്ന പുതിയ ‘ഫോർച്യൂണറി’ൽ ഗുണമേന്മ, ദൃഢത, വിശ്വാസ്യത, കൂടുതൽ സുരക്ഷ എന്നിവയും ടൊയോട്ട ഉറപ്പു നൽകുന്നുണ്ട്. പുതിയ ‘ഫോർച്യൂണറി’നു കരുത്തേകാൻ 2.4 ലീറ്റർ, 2.8 ലീറ്റർ ഡീസൽ എൻജിൻ സാധ്യതകളാണു പ്രതീക്ഷിക്കുന്നത്. ശേഷി കുറഞ്ഞ എൻജിന് 148 ബി എച്ച് പി വരെ കരുത്തും 400 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. 2.8 ലീറ്റർ എൻജിൻ സൃഷ്ടിക്കുന്നത് 177 ബി എച്ച് പിയോളം കരുത്തും 450 എൻ എം വരെ ടോർക്കുമാണ്. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണ് ഇരു എൻജിനുകൾക്കുമൊപ്പമുള്ള ട്രാൻസ്മിഷൻ സാധ്യത. അതേസമയം, ഫോർ വീൽ ഡ്രൈവ് ലേ ഔട്ട് 2.8 ലീറ്റർ എൻജിനൊപ്പം മാത്രമായി പരിമിതപ്പെടുത്തിയേക്കുമെന്നാണു സൂചന.

അതുപോലെ പെട്രോൾ എൻജിനോടെ പുതിയ ‘ഫോർച്യൂണർ’ വിൽപ്പനയ്ക്കുണ്ടാവുമോ എന്നതും കാത്തിരുന്നു കാണണം. കൂടാതെ വാഹന വില സംബന്ധിച്ചും ഇതുവരെ സൂചനകളൊന്നുമില്ല. ഇടത്തരം, പ്രീമിയം എസ് യുവികളുടെ പൂർണ ശ്രേണി തന്നെ ടൊയോട്ട ഇന്ത്യയിൽ ലഭ്യമാക്കുന്നുണ്ട്. 2009ൽ ഇന്ത്യൻ നിരത്തിലെത്തിയതു മുതൽ മികച്ച സ്വീകാര്യത കൈവരിച്ച ചരിത്രമാണു ‘ഫോർച്യൂണറി’നെന്നും കമ്പനി വ്യക്തമാക്കി.