മാരുതി സുസുക്കി ‘നെക്സ’യ്ക്ക് ഇരട്ട സെഞ്ചുറി

Ignis

വാഹനം വാങ്ങാനെത്തുന്നവർക്കു നവ്യാനുഭൂതി പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ആരംഭിച്ച പ്രീമിയം ഷോറൂം ശൃംഖലയായ ‘നെക്സ’ ഇരട്ട സെഞ്ചുറിയിലെത്തി. ഹൈദരബാദിൽ കല്യാണി മോട്ടോഴ്സ് ആരംഭിച്ച ‘നെക്സ എൽ ബി നഗർ’ ആണു മാരുതി സുസുക്കിയുടെ ‘നെക്സ’ ഷോറൂം ശൃംഖല ഇരുനൂറിലെത്തിച്ചത്. പ്രീമിയം ക്രോസോവറായ ‘എസ് ക്രോസ്’, പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’, പ്രീമിയം അർബൻ കോംപാക്ടായ ‘ഇഗ്നിസ്’ എന്നിവയാണു നിലവിൽ കമ്പനി ‘നെക്സ’ ഷോറൂമുകൾ വഴി വിൽപ്പനയ്ക്കെത്തിക്കുന്നത്.

ഒന്നര വർഷം മുമ്പ് 2015 ജൂലൈയിലാണു മാരുതി സുസുക്കി ‘നെക്സ’ ഷോറൂം അവതരിപ്പിച്ചത്. ഇപ്പോഴാവട്ടെ രാജ്യത്തെ 121 നഗരങ്ങളിൽ ‘നെക്സ’യുടെ സാന്നിധ്യമുണ്ട്. മാത്രമല്ല, ഈ പുത്തൻ ഷോറൂമുകൾ വഴി ആകെ 1.85 ലക്ഷത്തോളം വാഹനങ്ങൾ വിറ്റതായും മാരുതി സുസുക്കി അവകാശപ്പെടുന്നു. 2020ൽ 20 ലക്ഷം യൂണിറ്റിന്റെ വാർഷിക വിൽപ്പന ലക്ഷ്യമിടുന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം ‘നെക്സ’ ശൃംഖല വിപൂലീകരണം തന്ത്രപ്രധാനമാണ്. ഈ മാർച്ചിനുള്ളിൽ രാജ്യത്തെ ‘നെക്സ’ ഷോറൂമുകളുടെ എണ്ണം 250 ആക്കി ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നത്. മാർച്ചിൽ ‘നെക്സ’ പ്രവർത്തനത്തിന്റെ 20 മാസം പൂർത്തിയാക്കുമ്പോഴേക്ക് വിൽപ്പന രണ്ടു ലക്ഷം യൂണിറ്റിലെത്തുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ഉപയോക്താക്കളിൽ നിന്ന് ഉജ്വല സ്വീകരണമാണു ‘നെക്സ’ ഷോറൂം ശൃംഖലയ്ക്കു ലഭിച്ചതെന്നുമാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കാർ വിൽക്കുന്ന രീതി പൊളിച്ചെഴുതുകയായിരുന്നു ‘നെക്സ’യുടെ ദൗത്യം; ആ ലക്ഷ്യം കൈവരിക്കുന്നതിൽ പുത്തൻ ഷോറൂമുകൾ വിജയം വരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. കാർ വാങ്ങാനെത്തുന്നവരെ ആഹ്ലാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതുമകളിലും സാങ്കേതികവിദ്യയിലും അധിഷ്ഠിതമായി മാരുതി സുസുക്കി ‘നെക്സ’യ്ക്കു തുടക്കമിട്ടത്. ഇതോടെ മുമ്പ് മാരുതി സുസുക്കിയെ പരിഗണിക്കാതിരുന്നവർ പോലും കമ്പനിയുടെ കാറുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയെന്നും കാൽസി അഭിപ്രായപ്പെട്ടു.