യുവതാരങ്ങളുടെ ബൈക്കുകൾ

മലയാളത്തിലെ സീനിയർ താരങ്ങൾക്ക് കാറുകളോടാണ് താൽപര്യമെങ്കില്‍ യുവ നിരയിലെ താരങ്ങൾക്ക് ബൈക്കുകളോടാണ് കൂടുതൽ കമ്പം. യുവ നിരയിലെ പ്രശസ്തരായ ദുൽക്കർ സൽമാന്റേയും നിവിൻ പോളിയുടേയും ബൈക്കാണിപ്പോൾ സോഷ്യൽ മിഡിയകളിലെ താരം.

ദുൽക്കർ സൽമാൻ സ്വന്തമാക്കിയത് ബിഎംഡബ്ല്യു ആർ 1200 ജിഎസ് എന്ന അഡ്വഞ്ചർ ടൂറർ‌ ബൈക്കാണെങ്കിൽ‌ നിവിൻപോളിയുടേത് ഹോണ്ട സിആർഎഫ് 450 എക്സ് എന്ന മോട്ടോക്രോസ് ബൈക്കാണ്. നിവിന്‍ പോളിയുടെ മോട്ടോക്രോസ് ബൈക്ക് വീട്ടിൽ എത്തിയ ചിത്രമാണ് സോഷ്യൽ മിഡിയയിൽ എത്തിയിരിക്കുന്നത്. ദുൽക്കർ സൽമാൻ ബൈക്കിൽ‌ ബാംഗ്ലൂരിൽ നിന്ന് ബന്ദിപ്പൂർ‌, മുതുമല, കൂനൂർ വഴിയൊരു യാത്രയും നടത്തി.

ബിഎംഡബ്ല്യു 1200 ജിഎസ്

2005 ൽ വിപണിയിലെത്തിയ ബിഎംഡബ്ല്യു 1200 ജിഎസ് എന്ന ബൈക്കിന്റെ അഡ്വഞ്ചർ പതിപ്പാണ് ദുൽക്കർ സ്വന്തമാക്കിയത്. ക്രൂയിസർ ബൈക്ക് പ്രേമികളുടെ ഇഷ്ട ബൈക്കായ 1200 ജി എസിൽ 1170 സിസി രണ്ടു സിലിണ്ടർ എൻജിനാണ് ഉപയോഗിക്കുന്നത്. 7750 ആർപിഎമ്മിൽ 125 ബിഎച്ച്പി കരുത്താണുള്ളത്. 6500 ആർ‌പിഎമ്മിൽ 125 എൻഎം ടോർക്കുമുണ്ട്. ഏകദേശം 18 ലക്ഷം രൂപയാണ് ബൈക്കിന്റെ ഡൽഹി എക്സ് ഷോറൂം വില.

ഹോണ്ട സിആർഎഫ് 450 എക്സ്

റോഡിലും റേസ് ട്രാക്കുകളിലും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ബൈക്കാണ് ഹോണ്ട സിആർഎഫ് 450 എക്സ്. ഹോണ്ടയുടെ ഏറ്റവും മികച്ച ഡേർട്ട് ബൈക്കിലൊന്നാണ് സിആർഎഫ് 450 എക്സ്. 449 സിസി കപ്പാസിറ്റിയുള്ള എൻജിനാണ് ബൈക്കിന്. ഏകദേശം 4 ലക്ഷം രൂപയാണ് ബൈക്കിന്റെ ഇന്ത്യൻ വില.