മലിനീകരണം: കാറുകളിൽ കൃത്രിമം കാട്ടിയിട്ടില്ലെന്നു റെനോ

Renault Global

കാറുകളിലെ മലിനീകരണ നിയന്ത്രണ സാങ്കേതികവിദ്യയിൽ കൃത്രിമം കാട്ടിയിട്ടില്ലെന്ന് ഫ്രഞ്ച് — ജാപ്പനീസ് വാഹന നിർമാണ സഖ്യമായ റെനോ നിസ്സാന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കാർലോസ് ഘോസ്ൻ. യൂറോപ്പിൽ വിറ്റ 15,000 കാറുകൾ പരിസ്ഥിതി മലിനീകരണം അമിതമായതിന്റെ പേരിൽ തിരിച്ചുവിളിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണു റെനോ നിസ്സാന്റെ വിശദീകരണം. യു എസിലെ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ സോഫ്റ്റ്‌വെയർ സഹായം തേടിയെന്നു കഴിഞ്ഞ സെപ്റ്റംബറിൽ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ കുറ്റസമ്മതം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി റെനോയിലും റെയ്ഡ് നടത്തിയതായി ഫ്രഞ്ച് അധികൃതർ വെളിപ്പെടുത്തിയതാണു കമ്പനിക്കു തിരിച്ചടിയായത്. ദിവസങ്ങൾക്കുള്ളിലാണ് അമിത മലിനീകരണം സൃഷ്ടിക്കുന്ന ഫിൽറ്ററുമായി ബന്ധപ്പെട്ട തകരാർ പരിഹരിക്കാൻ 15,000 കാറുകൾ തിരിച്ചുവിളിക്കുമെന്നു റെനോ പ്രഖ്യാപിച്ചത്.

എന്നാൽ അമിത മലിനീകരണം അനുവദിക്കുകയായിരുന്നില്ല കമ്പനിയുടെ ഉദ്ദേശ്യമെന്ന് റെനോ നിസ്സാൻ മേധാവി കാർലോസ് ഘോസ്ൻ വ്യക്തമാക്കി. ഒപ്പം മലിനീകരണ നിയന്ത്രണത്തിൽ യൂറോപ്പിൽ നിശ്ചയിച്ചിരിക്കുന്ന ഉയർന്ന നിലവാരം കൈവരിക്കാൻ കമ്പനിക്കു കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹ്രസ്വകാലാടിസ്ഥാനത്തിൽ മാറ്റമൊന്നും സംഭവിക്കില്ലെന്നു വിശദീകരിച്ച ഘോസ്ൻ ഇത്തരം പ്രശ്നങ്ങൾ റെനോ നിസ്സാന്റെ ഭാവി വികസന പദ്ധതികളെ ബാധിക്കില്ലെന്നും വ്യക്തമാക്കി. ആഗോളതലത്തിൽ വാഹന വിൽപ്പന മെച്ചപ്പെടുമെന്ന പ്രതീക്ഷയും ഘോസ്ൻ പ്രകടിപ്പിച്ചു. ചൈനയുടെ സാമ്പത്തിക വളർച്ച ഇടിയുന്നതിനെക്കുറിച്ചുള്ള ആശങ്ക പരക്കുമ്പോഴും വാഹന വിൽപ്പന സ്ഥിരത കൈവരിക്കുമെന്നാണു ഘോസ്ന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ പോലെ 2016ലും വാഹന വിൽപ്പനയിൽ അഞ്ചു ശതമാനം വളർച്ച നേടനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അതിനിടെ ഇറാനെതിരെ നിലനിന്ന ഉപരോധം പിൻവലിച്ചതും റെനോയ്ക്കു പ്രത്യാശയേകുന്നുണ്ട്; പരമ്പരാഗതമായി റെനോയ്ക്കു സാന്നിധ്യമുള്ള വിപണിയാണ് ഇറാൻ. ഇറാൻ വിപണിയെ സംബന്ധിച്ചിടത്തോളം സിഗ്നൽ ചുവപ്പിൽ നിന്ന് ഓറഞ്ചിലേക്കു മാറിയെന്നും പച്ച തെളിയാനാണു കമ്പനി കാത്തിരിക്കുന്ന തെന്നുമായിരുന്നു ഘോസ്ന്റെ പ്രതികരണം. വരുന്ന ആഴ്ചകൾക്കിടെ ഇറാനെതിരെ അവശേഷിക്കുന്ന വിലക്കുകൾ കൂടി നീങ്ങുന്നതോടെ ആ വിപണിയിലേക്കുള്ള റെനോയുടെ മടക്കം സംബന്ധിച്ചു തീരുമാനമുണ്ടാവുമെന്നും ഘോസ്ൻ സൂചിപ്പിച്ചു.