സ്വയം ഓടുന്ന കാർ ഇന്ത്യയിലെത്താൻ വൈകുമെന്ന് ഘോസ്ൻ

അച്ചടക്കത്തോടെയും നിയമങ്ങൾ പാലിച്ചും വാഹനം ഓടിക്കുന്ന ഡ്രൈവർമാരുള്ള രാജ്യത്താവും സ്വയം ഓടുന്ന കാറുകൾ ആദ്യം നിരത്തിലെത്തുകയെന്നു റെനോ നിസ്സാൻ മേധാവി കാർലോസ് ഘോസ്ൻ. ഗതാഗത നിയമങ്ങൾ ലംഘിച്ചും തന്നിഷ്ടം പോലെയും വാഹനം ഓടിക്കുന്നവരുടെ നാടായ ബ്രസീലിലും ഇന്ത്യയിലുമൊന്നും ഇത്തരം കാറുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന വ്യക്തമായ സൂചനയും അദ്ദേഹം നൽകി.

കൃത്യതയുള്ളതും വിശ്വസനീയവുമായ മാപ്പിങ്ങാണു സ്വയം ഓടുന്ന വാഹന സാങ്കേതികവിദ്യയുടെ അടിത്തറ. സ്വയം ഓടുന്ന കാറുകൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനാൽ നിരത്തിലുള്ള ഇതര ഡ്രൈവർമാരും നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യതയാണെന്ന് പാരിസ് മോട്ടോർ ഷോയ്ക്കെത്തിയ ഘോസ്ൻ അഭിപ്രായപ്പെട്ടു.താൻ താമസിക്കുന്ന ബ്രസീലിലെ നിരത്തുകളിലെ കാര്യം ഏവർക്കും അറിവുള്ളതാണ്. തിരക്കുള്ള ജംക്ഷനുകളിലെ ട്രാഫിക് സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞാൽ പോലും വാഹനം നിർത്താതെ പോകുന്നതാണ് അവിടെ പതിവെന്ന് ഘോസ്ൻ വിശദീകരിച്ചു. ഇന്ത്യയിലെ വൻനഗരമായ മുംബൈയിലും എല്ലാവരും എപ്പോഴും നിയമം പാലിക്കാറില്ല. 2020 ആകുമ്പോഴേക്ക് ഡ്രൈവറുടെ നിയന്ത്രണം ആവശ്യമില്ലാത്ത 10 കാറുകൾ പുറത്തിറക്കാനാണു റെനോ നിസ്സാൻ സഖ്യം ലക്ഷ്യമിടുന്നത്.

വസ്തുതകൾ ഇതാണെന്നിരിക്കെ വളരെ അച്ചടക്കത്തോടെ ആളുകൾ വാഹനം ഓടിക്കുന്ന രാജ്യങ്ങളിലാവും സ്വയം ഓടുന്ന വാഹനങ്ങൾ ആദ്യം നിരത്തിലെത്തുകയെന്നു ഘോസ്ൻ ഓർമിപ്പിച്ചു. ഈ മാനദണ്ഡപ്രകാരം ജപ്പാൻ, യു എസ്, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾക്കാവും സ്വയം ഓടുന്ന കാറുകളുടെ കാര്യത്തിൽ പ്രഥമ പരിഗണന. അടുത്ത ഘട്ടത്തിൽ മാത്രമാവും അച്ചടക്കവും നിയമബോധവും കുറഞ്ഞ രാജ്യങ്ങളിലേക്ക് ഈ സാങ്കേതികവിദ്യ വ്യാപിക്കുകയെന്നും ഘോസ്ൻ വിലയിരുത്തി.