250 രൂപയ്ക്ക് ഓല ബിഎംഡബ്ല്യു

ആഡംബര കാറുകൾ ലഭ്യമാക്കാനായി ഓല കാബ്സും ജർമൻ നിർമാതാക്കളായ ബി എം ഡബ്ല്യുവും ധാരണയിലെത്തി. റൈഡ് ഹെയ്ലിങ് ആപ്ലിക്കേഷനായ ഓല കാബ്സിന്റെ ‘ലക്സ് കാറ്റഗറി പാർട്ണർ’ സ്ഥാനമാണു പുതിയ കരാറിലൂടെ ബി എം ഡബ്ല്യു ഇന്ത്യയ്ക്കു കൈവരിക. വാണിജ്യ മേഖലയിലെ പ്രവണതകൾ മുൻകൂട്ടി തിരിച്ചറിയാൻ കമ്പനിക്കു കഴിവുണ്ടെന്നു ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ ആക്ടിങ് പ്രസിഡന്റ് ഫ്രാങ്ക് ഷ്ളോഡർ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ യാത്രാരീതികളിൽ പരിവർത്തനം സംഭവിക്കുന്നത് പ്രീമിയം വിഭാഗത്തിനും ബാധകമാണ്. ഗുണനിലവാരത്തിലോ യാത്രാസുഖത്തിലോ വിട്ടുവീഴ്ച ചെയ്യാതെയുള്ള സഞ്ചാര സ്വാതന്ത്യ്രമാണു വ്യക്തികൾ ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം ഓൺ ഡിമാൻഡ് മൊബിലിറ്റി വിഭാഗത്തെ മാറ്റി മറിക്കാൻ ഓലയും ബി എം ഡബ്ല്യുവുമായുള്ള സഖ്യത്തിനു കഴിയുമെന്ന്് അദ്ദേഹം അവകാശപ്പെട്ടു.

വിപുല സാധ്യതയുണ്ടെന്നു കരുതുന്ന ലക്ഷ്വറി മൊബിലിറ്റി വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ പുതിയ കൂട്ടുകെട്ടു കമ്പനിയെ സഹായിക്കുമെന്ന് ഓല ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രണയ് ജിവ്രജ്ക പ്രതീക്ഷ പ്രകടിപ്പിച്ചു. വെറുമൊരു ബട്ടൻ അമർത്തിയാൽ സമ്പൂർണ ആഡംബരത്തിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ബി എം ഡബ്ല്യു കാറുകളുടെ വരവോടെ ഓല ഇടപാടുകാരെ കാത്തിരിക്കുന്നത്. ഓല കാബ് ഓപ്പറേറ്റർമാർക്കു സമ്പൂർണ പിന്തുണയാണു ബി എം ഡബ്ല്യു വാഗ്ദാനം ചെയ്യുന്നത്; ലളിത വ്യവസ്ഥയിലുടെ വായ്പ, വിൽപ്പനാന്തര സേവനം, അഷ്വേഡ് ബൈ ബാക്ക് തുടങ്ങിയവയൊക്കെ ബി എം ഡബ്ല്യു ഉറപ്പാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

കൂടാതെ ഓല ഡ്രൈവർമാർക്കായി പ്രത്യേക പരിശീലന പദ്ധതി സംഘടിപ്പിക്കാനും ബി എം ഡബ്ല്യു ഇന്ത്യയ്ക്കു പദ്ധതിയുണ്ട്. തുടക്കത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിലാണ് ഓലയ്ക്കൊപ്പം ബി എം ഡബ്ല്യു കാറുകൾ അണിചേരുക. ക്രമേണ രാജ്യത്തെ മറ്റു നഗരങ്ങളിലും ഓലയിൽ ബി എം ഡബ്ല്യു കാറുകൾ ലഭ്യമാക്കും. പ്രീമിയം കാറുകൾ ഇടംപിടിക്കുന്ന ‘ഓല ലക്സ്’ സേവനത്തിൽ 250 രൂപയാണു കുറഞ്ഞ നിരക്ക്; തുടർന്ന് ഓടുന്ന ഓരോ കിലോമീറ്ററിനും 20 — 22 രൂപയും നൽകണം. കൂടാതെ റെന്റൽസ് വിഭാഗത്തിൽ മണിക്കൂർ അടിസ്ഥാനമാക്കിയുള്ള വാടക നിരക്കിലും ഓല കാബ്സ് ആഡംബര കാറുകൾ ലഭ്യമാക്കുന്നുണ്ട്.