‘മൈക്രോ’ വൻവിജയമെന്ന് ഓല; സേവനം 75 നഗരങ്ങളിലേക്ക്

മൊബൈൽ ആപ് അധിഷ്ഠിതമായി ടാക്സി ലഭ്യമാക്കുന്ന ഓലയുടെ പുതിയ സേവനമായ ‘മൈക്രോ’ 48 നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നു കമ്പനി. ഇതോടെ കുറഞ്ഞ നിരക്കിൽ ശീതീകരിച്ച കാബ് ലഭ്യമാക്കുന്ന ‘മൈക്രോ’ രാജ്യത്തെ 75 നഗരങ്ങളിൽ ലഭ്യമാവുമെന്ന് ഓല അറിയിച്ചു. മാത്രമല്ല ഈ രംഗത്തെ പ്രധാന എതിരാളികൾ രാജ്യത്തു മൊത്തം നൽകുന്ന സേവനത്തേക്കാൾ വിപുലമാവും ‘മൈക്രോ’യുടെ പരിധിയെന്നും ഓല അവകാശപ്പെട്ടു. കിലോമീറ്ററിന് ആറു രൂപ വീതവും റൈഡ് ടൈമിനു മിനിറ്റിന് ഓരോ രൂപ വീതവും ഈടാക്കി 40 രൂപ കുറഞ്ഞ നിരക്കും (കൊച്ചിയിൽ 35 രൂപ മാത്രം) നിശ്ചയിച്ച് രണ്ടു മാസം മുമ്പാണ് രാജ്യത്തെ ഏഴു നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓല ‘മൈക്രോ’ അവതരിപ്പിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രകൾക്കു പ്രത്യേക നിരക്കാണു ‘മൈക്രോ’യിൽ ഈടാക്കുക. പദ്ധതി വിജയമായതോടെ 75 നഗരങ്ങളിൽ ‘മൈക്രോ’ ലഭ്യമാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. പട്ന, അലിഗഢ്, അമരാവതി, ഗുണ്ടൂർ, ഝാൻസി, മഥുര, റൂർക്കേല, തഞ്ചാവൂർ, ഉജ്ജയിൻ, ഹുബ്വല്ലി, രാജമുന്ദ്രി, രാജ്കോട്ട്, സിലിഗുരി തുടങ്ങിയ നഗരങ്ങളിലേക്കാണ് ഓല ‘മൈക്രോ’ സേവനം വ്യാപിപ്പിക്കുന്നത്.

നിരത്തിലെത്തി വെറും ഏഴ് ആഴ്ച കൊണ്ടാണ് ‘മൈക്രോ’ ഈ വിജയം നേടിയതെന്ന് ഓല ചീഫ് മാർക്കറ്റിങ് ഓഫിസറും കാറ്റഗറീസ് വിഭാഗം മേധാവിയുമായ രഘുവേശ് സ്വരൂപ് വിശദീകരിച്ചു. ഇതോടെ പ്രധാന തിരാളികളുടെ മൊത്തം സേവനത്തെ വെല്ലുന്ന വിഭാഗമായി ഓലയുടെ ‘മൈക്രോ’ വളർന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. യു എസ് ആസ്ഥാനമായ യൂബറിന്റെ പ്രതിദിന റൈഡുകളുടെയും ഓല ‘മൈക്രോ’ നേടുന്ന റൈഡുകളുടെയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് സ്വരൂപിന്റെ ഈ അവകാശവാദം. അതിവേഗ സ്വീകാര്യതയും ജനപ്രീതിയുമാണ് ‘മൈക്രോ’ നേടിയതെന്ന് അദ്ദേഹം വിലയിരുത്തി. അതിനാലാണ് പരിമിതമായ കാലത്തിനിടെ 75 നഗരങ്ങളിൽ ഈ സേവനം ലഭ്യമക്കാൻ ഓല നിർബന്ധിതരായതെന്നും സ്വരൂപ് വിശദീകരിച്ചു. ഓല പ്ലാറ്റ്ഫോമിൽ ഏറ്റവും വളർച്ച നേടുന്ന വിഭാഗമായും ‘മൈക്രോ’ മാറിയതായി അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം ഓലയുടെ നിലപാടിനോട് പ്രതികരിക്കാൻ യൂബർ തയാറായില്ല. പകരം കഴിഞ്ഞ മാസങ്ങൾക്കിടയിൽ ഇന്ത്യൻ വിപണിയിൽ കൈവരിച്ച വളർച്ചയിലും ഗതിവേഗത്തിലും ആവേശമുണ്ടെന്നായിരുന്നു യൂബറിന്റെ നിലപാട്. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള റൈഡ് ഹെയ്ലിങ് ആപ്ലിക്കേഷനായി യൂബർ മാറിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. യൂബർ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഡ്രൈവർമാർക്കും ഇടപാടുകാർക്കും മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന ഉൽപന്നവും സാങ്കേതികവിദ്യയുമാണു ലഭിക്കുന്നതെന്നും കമ്പനി വിലയിരുത്തി. നിലവിൽ സാന്നിധ്യമുള്ള നഗരങ്ങളിൽ ആഴത്തിലുള്ള വളർച്ചയും സമാനതകളില്ലാത്തതും സ്ഥിരതയുള്ളതുമായ അനുഭവവുമാണു യൂബർ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെന്നല്ല, ആഗോളതലത്തിൽ തന്നെ യൂബറിന്റെ പ്രശസ്തിയും ഈ മേഖലയിലാണെന്നു വക്താവ് വിശദീകരിച്ചു.