ഒല്ലി നിരത്തിലേയ്ക്ക്

സ്വയം ഓടിക്കുന്ന കാറിന്റെ വരവും കാത്തിരിക്കുന്നവർക്ക് ഗൂഗിളിൽ നിന്നു കണ്ണെടുക്കാം. സെൽഫ് ഡ്രൈവിങ്ങും, 3ഡി പ്രിന്റിങ്ങും യൂബർ മാതൃകയിലുള്ള ഓൺ ഡിമാൻഡ് സേവനവും സമ്മേളിക്കുന്ന ആദ്യത്തെ യാത്രാവാഹനം വ്യാഴാഴ്ച യുഎസിൽ ‘സർവീസ്’ ആരംഭിക്കും. ഒല്ലി എന്നു പേരിട്ടിരിക്കുന്ന വാഹനം ഒരു ബസിന്റെ ചെറുപതിപ്പാണ്. 12 പേർക്കു സഞ്ചരിക്കാവുന്ന വാഹനം മൊബൈൽ ആപ്പ് വഴി വിളിക്കാം, യാത്ര ചെയ്യാം. പൂർണമായും ‍‍ഡ്രൈവർരഹിതനിയന്ത്രണം സാധ്യമായ ഒല്ലി നിർമിക്കുന്നത് 3ഡി പ്രിന്റിങ്ങിലൂടെയാണെന്നതാണ് അടുത്ത സവിശേഷത. അരിസോണയിലുള്ള സ്റ്റാർട്ട് അപ്പായ ലോക്കൽ മോട്ടോഴ്സ് ആണ് ഒല്ലിയുടെ നിർമാതാക്കൾ. വാഹനം നിരത്തിലിറങ്ങുന്നത് വാഷിങ്ടൺ നഗരത്തിനു പുറത്തും.

സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യ പുതിയതല്ലെങ്കിലും അത്തരം വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനുള്ള തടസ്സം ഒല്ലിയെയും ബാധിക്കും. ഐബിഎം സൂപ്പർ കംപ്യൂട്ടറായ വാട്സൺ ആണ് ഒല്ലിയുടെ കരുത്ത്. വാട്സൺ വഴി ഐബിഎം ക്ലൗഡിൽ നിന്നുള്ള ഡേറ്റ സ്ട്രീമുകൾ സ്വീകരിക്കുന്ന ഒല്ലിയിലെ 30 സുപ്രധാന സെൻസറുകൾ ഡ്രൈവിങ് നിയന്ത്രിക്കും. സ്വയം നിയന്ത്രിത വാഹനരംഗത്തെ ഐബിഎമ്മിന്റെ ആദ്യത്തെ സംരംഭം കൂടിയായിരിക്കും ഒല്ലി.
ഒല്ലി നിർമിക്കുന്നതിനുമുണ്ട് പുതുമ. വാഹനം ആവശ്യമുള്ളവർക്ക് അവർ ആവശ്യപ്പെടുന്ന ഡിസൈനിൽ ഓർഡർ‌ ലഭിച്ച് 11 മണിക്കൂറിനകം നിർമിച്ചു നൽകും എന്നു കമ്പനി അവകാശപ്പെടുന്നു. വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ 3ഡി പ്രിന്റിങ് വഴി നിർമിക്കാൻ 10 മണിക്കൂറും അസംബിൾ ചെയ്യാൻ ഒരു മണിക്കൂറും എന്നതാണ് കണക്ക്.

ഓർഡർ ചെയ്യുന്നയാൾക്ക് വ്യക്തിഗതമാക്കാമെന്നതിനാൽ എല്ലാ ഒല്ലിയും ഒരുപോലിരിക്കില്ല എന്നതും ശ്രദ്ധേയം. ഒല്ലി നിർമിക്കാൻ മറ്റു കാർ കമ്പനികളുടേതു പോലെ ഏക്കറുകൾ വ്യാപിച്ചു കിടക്കുന്ന ഫാക്ടറിയോ ആയിരക്കണക്കിനു തൊഴിലാളികളോ വേണ്ട. 3ഡി പ്രിന്റിങ് റോബട്ടുകൾക്കു പ്രവർത്തിക്കാനുള്ള സ്ഥലവും ഏതാനും ജീവനക്കാരും മാത്രം മതിയെന്നതിനാൽ എളുപ്പത്തിൽ സ്ഥാപിക്കാവുന്ന നൂറുകണക്കിനു മൈക്രോ ഫാക്ടറികൾ വഴി ഒല്ലിക്കു പ്രചാരം ലഭിക്കുമെന്നും ലോക്കൽ മോട്ടോഴ്സ് സ്ഥാകൻ ജോൺ റോജേഴ്സ് വിശ്വസിക്കുന്നു. യുഎസിലെ നിരത്തുകളിൽ വരും ദിവസം മുതൽ ഓടിത്തുടങ്ങുന്ന ഒല്ലിയെ ലോകമെങ്ങുമെത്തിക്കാൻ അൻപതിലേറെ രാജ്യങ്ങളുമായി ചർച്ചയിലാണെന്നും അദ്ദേഹം പറയുന്നു.