ഇന്ത്യയിലും 2020 മുതൽ ഓൺറോഡ് മലിനീകരണ പരിശോധന

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം നടപ്പാവുന്നതോടെ ഇന്ത്യയിലും വാഹനങ്ങൾക്ക് ഓൺ റോഡ് എമിഷൻ പരിശോധന നിർബന്ധമാക്കുന്നു. 2020ൽ ഭാരത് സ്റ്റേജ് ആറ് പ്രാബല്യത്തിലെത്തുന്നതോടെ നടപ്പാക്കേണ്ട ഏകീകൃത മലിനീകരണ നിയന്ത്രണ പരിശോധനയ്ക്ക് ഓട്ടമൊട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) രൂപം നൽകി. വ്യത്യസ്ത പഴക്കമുള്ള വാഹനങ്ങൾക്കു ബാധകമായ മലിനീകരണ നിയന്ത്രണ നിലവാരം നിർണയിക്കാനുള്ള നടപടികളാണ് ഇപ്പോൾ എ ആർ എ ഐയിൽ പുരോഗമിക്കുന്നത്. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയെന്ന് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ 2015 സെപ്റ്റംബറിൽ നടത്തിയ കുറ്റസമ്മതമാണ് എ ആർ ഐ എയെ ഓൺ റോഡ് പരിശോധന നടപ്പാക്കാൻ പ്രേരിപ്പിച്ചത്.

‘ഡീസൽഗേറ്റ്’ വിവാദത്തെ തുടർന്ന് ഇന്ത്യൻ നിരത്തിലുള്ള ഡീസൽ വാഹനങ്ങളിൽ അടുത്ത ആറു മാസത്തിനകം എ ആർ എ ഐ മലിനീകരണ നിയന്ത്രണ പരിശോധന നടത്തുമെന്ന് ഡിസംബറിൽ കേന്ദ്ര ഘന വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനൊപ്പം ഭാരത് സ്റ്റേജ് ആറ് നിലവാരം നടപ്പാക്കുന്നതിനൊപ്പം യഥാർഥ ഡ്രൈവിങ് സാഹചര്യങ്ങളിലെ മലിനീകരണ നിയന്ത്രണ പരിശോധനയും നിയമവ്യവസ്ഥയുടെ ഭാഗമാക്കണമെന്നു മന്ത്രാലയത്തോട് അഭ്യർഥിക്കുകയായിരുന്നെന്ന് എ ആർ എ ഐ ഡയറക്ടർ രശ്മി ഉർധവർഷെ വിശദീകരിക്കുന്നു. അതിനാൽ ഓരോ വാഹനത്തിനുമുള്ള നിലവാരം നിർണയിക്കുന്നതിനു പകരം ഭാരത് സ്റ്റേജ് ആറ് നിലവാരത്തിനൊപ്പം നടപ്പാക്കാവുന്ന സമഗ്ര പരിശോധനാക്രമം വികസിപ്പിക്കാനാണ് എ ആർ എ ഐ ഊന്നൽ നൽകുന്നത്. ഇതിനുള്ള അടിസ്ഥാന വിവര സമാഹരണം ആരംഭിച്ചതായും അവർ വെളിപ്പെടുത്തി.