മകനെ പിൻഗാമിയാക്കാനൊരുങ്ങി ഒസാമു സുസുക്കി

നമ്മുടെ നാട്ടിൽ രാഷ്ട്രീയ നേതാക്കളും കമ്പനി മേധാവികളുമൊക്കെ ചെയ്യുന്നതു പോലെ, മക്കളെ പിൻഗാമിയായി വാഴിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷ(എസ് എം സി)നും തയാറെടുക്കുന്നു. സുസുക്കിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ചെയർമാനുമൊക്കെയായ ഒസാമു സുസുക്കി(85)യുടെ പിൻഗാമിയായി മകനും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ തൊഷിഹിരൊ സുസുക്കിയെ വാഴിക്കാനാണു നീക്കം. മകൻ സുസുക്കിയെ ജൂലൈ ഒന്നു മുതൽ എസ് എം സിയുടെ പ്രസിഡന്റായി നിയോഗിച്ച ശേഷം കമ്പനിയുടെ സി ഇ ഒ, ചെയർമാൻ സ്ഥാനങ്ങളിൽ തുടരാനാണത്രെ അച്ഛൻ സുസുക്കിയുടെ പദ്ധതി. സുസുക്കിയുടെ പുതിയ മാനേജ്മെന്റ് ഘടനയും ബിസിനസ് പ്ലാനും കമ്പനിയുടെ എക്സിക്യൂട്ടീവുകൾ ടോക്കിയോയിലാവും പ്രഖ്യാപിക്കുക.

മൂന്നര പതിറ്റാണ്ടിലേറെയായി കമ്പനിയെ നയിക്കുന്ന ഒസാമു സുസുക്കിയുടെ പിൻഗാമി ആരാവുമെന്നതിനെപ്പറ്റി ജപ്പാനിൽ ഏറെക്കാലമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. 1978ലാണ് ഒസാമു സുസുക്കി എസ് എം സിയുടെ അമരക്കാരനായി ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്റെ സാരഥ്യത്തിലാണു സുസുക്കി, ജപ്പാനിലെ വാഹന നിർമാതാക്കളിൽ നാലാം സ്ഥാനത്തെത്തിയത്. ഇന്ത്യയിൽ സർക്കാർ പങ്കാളിത്തത്തോടെ മാരുതി ഉദ്യോഗ് ലിമിറ്റഡ് രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയതും പിന്നീട് ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡായി രൂപാന്തരപ്പെടുത്തിയതുമൊക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ.

മരുമകനായ ഹിരൊടാക ഒനോയെ തന്റെ പിൻഗാമിയായി വളർത്തിയെടുക്കാൻ ഒസാമു സുസുക്കി നേരത്തെ ശ്രമിച്ചിരുന്നു. എന്നാൽ പാൻക്രിയാസിനേറ്റ അർബുദബാധയെത്തുടർന്ന് ഒനോ 2007ൽ മരിച്ചത് സുസുക്കിയുടെ പദ്ധതികൾ മുടക്കി. ഇടയ്ക്ക് രണ്ട് എക്സിക്യൂട്ടീവുകളെ സുസുക്കി കമ്പനി പ്രസിഡന്റുമാരായി നിയോഗിച്ചിരുന്നു; എന്നാൽ ആരോഗ്യകാരണങ്ങളാൽ ഇരുവരും ചുരുങ്ങിയ കാലത്തിനു ശേഷം സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു.

ഒസാമു സുസുക്കിയുടെ മൂത്തമകനായ തൊഷിഹിരൊ സസുക്കിയെ 2011ലാണ് കമ്പനിയുടെ നാല് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാരിൽ ഒരാളായി നിയോഗിച്ചത്. ക്രമേണ കമ്പനിയുടെ ഭരണസാരഥ്യം തൊഷിരിരൊയിലെത്തുമെന്ന് അന്നു തന്നെ അഭ്യൂഹമുണ്ടായിരുന്നു.