ഗ്രാമങ്ങളിൽ പ്രതിദിനം നിർമിക്കുന്നത് 139 കിലോമീറ്റർ റോഡ്

പ്രധാൻമന്ത്രി ഗ്രാമീൺ സഡക് യോജ്ന(പി എം ജി എസ് വൈ)യിലൂടെ രാജ്യത്തു ഗ്രാമീണ റോഡ് നിർമാണ മേഖലയിൽ വൻ പുരോഗതി. പദ്ധതിയിലൂടെ രാജ്യത്തെ ഗ്രാമങ്ങളിലായി പ്രതിദിനം 139 കിലോമീറ്റർ പുതിയ റോഡ് ആണു നിർമിക്കപ്പെടുന്നതെന്നാണ് ഔദ്യോഗിക കണക്ക്. പി എം ജി എസ് വൈയിൽ 2011 — 2014 കാലത്ത് പ്രതിദിനം 70 — 75 കിലോമീറ്റർ റോഡാണു നിർമിച്ചിരുന്നതെന്നു കേന്ദ്ര ഗ്രാമ വികസന സെക്രട്ടറി അമർജീത് സിൻഹ വെളിപ്പെടുത്തി. 2014 — 16 കാലഘട്ടത്തിൽ പ്രതിദിന റോഡ് നിർമാണം 100 കിലോമീറ്റർ നിലവാരത്തിലെത്തി. ഇപ്പോഴാവട്ടെ ദിവസവും 139 കിലോമീറ്ററോളം പുതിയ റോഡുകൾ ഗ്രാമീണ മേഖലയിൽ നിർമിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ നില തുടർന്നാൽ 2016 — 17ൽ പ്രതിദിനം ശരാശരി 133 കിലോമീറ്റർ പുതിയ റോഡ് എന്ന നേട്ടം കൈവരിക്കാനാവുമെന്നും സിൻഹ അഭിപ്രായപ്പെട്ടു.

ഗ്രാമീണ മേഖലയിൽ റോഡ് പണിയാൻ തികച്ചും പരിസ്ഥിതി സൗഹൃദ മാർഗങ്ങളാണു സർക്കാർ അവലംബിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യവും ഫ്ളൈ ആഷും കോൾഡ് മിക്സും കയർ ഭൂവസ്ത്രവും കോപ്പർ — അയൺ സ്ലാഗുമൊക്കെ ഉപയോഗിച്ചാണു പല സ്ഥലങ്ങളിലും പുതിയ റോഡുകൾ പണിയുന്നത്. ഗ്രാമീണ റോഡ് നിർമാണത്തിൽ പ്രതിദിനം 133 കിലോമീറ്റർ പുതിയ പാതയെന്ന ലക്ഷ്യം കൈവരിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു നേരത്തെ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഗ്രാമങ്ങളിൽ അര ലക്ഷത്തോളം കിലോമീറ്റർ പുതിയ റോഡുകൾ നിർമിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം.
രാജ്യത്ത് ഗ്രാമങ്ങളിലേക്കെല്ലാം കാലാവസ്ഥാ ഭേദമില്ലാതെ യാത്ര സാധ്യമാക്കുന്ന റോഡുകൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര സർക്കാർ പി എം ജി എസ് വൈ പ്രഖ്യാപിച്ചത്. സമതലങ്ങളിൽ 2001ലെ കണക്കനുസരിച്ച് ജനസംഖ്യ 500ലേറെയുള്ള ഗ്രാമങ്ങളെല്ലാം ഈ പദ്ധതിയിൽപെടും.

പ്രത്യേക പരിഗണനയുള്ള സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മീസറം, നാഗാലൻഡ്, സിക്കിം, ത്രിപുര, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാവട്ടെ ജനസംഖ്യം 250നു മുകളിലാണെങ്കിലും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കൂടാതെ നൂറിലേറെ ആളുകൾ താമസിക്കുന്ന ഗ്രാമങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശമുണ്ടെങ്കിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്.
ഇതിനു പുറമെ നിലവിലുള്ള ഗ്രാമീണ റോഡ് ശൃംഖല നവീകരിക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് പി എം ജി എസ് വൈയുടെ രണ്ടാം ഘട്ടവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.