660 സി സി ‘ഓൾട്ടോ’യുമായി സുസുക്കി പാകിസ്ഥാനിലേക്ക്

പ്രാദേശികമായി നിർമിക്കുന്ന വാഹനങ്ങൾക്ക് പാകിസ്ഥാൻ അനുവദിക്കുന്ന ഇളവുകൾ മുൻനിർത്തി രാജ്യത്ത് 660 സി സി എൻജിനുള്ള ‘ഓൾട്ടോ’ അവതരിപ്പിക്കാൻ പാക് സുസുക്കി ആലോചിക്കുന്നു. നിലവിൽ നിരത്തിലുള്ള 800 സി സി കാറായ ‘മെഹ്റാ’ന്റെ പകരക്കാരനായിട്ടാവും 660 സി സി ‘ഓൾട്ടോ’യുടെ രംഗപ്രവേശം. കാറിൽ മികച്ച സുരക്ഷ ഉറപ്പാക്കണമെന്നു പാക് സുസുക്കിയോടെ വ്യവസായത്തിനും ഉൽപ്പാദനത്തിനുമുള്ള സെനറ്റ് സ്ഥിര സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള നിലവാരം പാലിക്കുന്ന തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ പുതിയ ‘ഓൾട്ടോ’യിൽ ഉറപ്പാക്കണമെന്നാണു സമിതിയുടെ ആവശ്യം.

കൂടാതെ 1,000 സി സി എൻജിനുള്ള ‘സെലേറിയൊ’, സ്പോർട് യൂട്ടിലിറ്റി വാഹനമായ സുസുക്കി ‘ഗ്രാൻഡ് വിറ്റാര’, 1,300 സി സി സെഡാനായ ‘സിയാസ്’ എന്നിവയും അടുത്ത വർഷത്തോടെ ഇറക്കുമതി വഴി വിപണിയിലിറക്കാൻ പാക് സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡി(പി എസ് എം സി എൽ)നു പദ്ധതിയുണ്ട്. സർക്കാർ നിർദേശം പാലിച്ച് യന്ത്രഘടകങ്ങൾ ഇറക്കുമതി ചെയ്തു പ്രാദേശികമായി അസംബ്ൾ ചെയ്താവും ഈ മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കുകയെന്നാണു സൂചന.രാജ്യത്തു പുതിയ വാഹന നിർമാണശാല സ്ഥാപിക്കാനായി 1,500 കോടി പാകിസ്ഥാൻ രൂപ(957 കോടി ഇന്ത്യൻ രൂപ)യുടെ നിക്ഷേപം നടത്തിയതായും പാക് സുസുക്കി സ്ഥിര സമിതിയെ അറിയിച്ചു. കൂടാതെ ‘ഓൾട്ടോ 660’ നിർമാണത്തിനു കഴിയുന്നത്രെ യന്ത്രഘടകങ്ങൾ പ്രാദേശികമായി സമാഹരിക്കുമെന്നും കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്.

പാകിസ്ഥാനിൽ പുതിയ, അത്യാധുനിക കാർ നിർമാണശാല സ്ഥാപിക്കാമെന്നും പാക് സുസുക്കി മോട്ടോർ കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ശാലയിൽ നിന്ന് അടുത്ത അഞ്ചു വർഷത്തിനകം നാലു പുതിയ മോഡലുകൾ പുറത്തിറക്കുമെന്നും വാഗ്ദാനമുണ്ട്. ഇതിൽ രണ്ടെണ്ണം 2018ൽ തന്നെ നിരത്തിലെത്തിക്കുമെന്നായിരുന്നു സുസുക്കിയുടെ പ്രഖ്യാപനം. വിപണിയിലുള്ള സമഗ്ര ആധിപത്യം മുതലെടുത്ത് ജാപ്പനീസ് കമ്പനികൾ ഗുണനിലവാരം കുറഞ്ഞ മോഡലുകൾ ഉയർന്ന വിലയ്ക്കു പാക്കിസ്ഥാനിൽ വിൽക്കുന്നെന്ന ആക്ഷേപം പരിഹരിക്കാനാണ് ഈ നീക്കമെന്നാണു സൂചന.