കാർ നിർമാണം: പുതുനയവുമായി പാകിസ്ഥാൻ

രാജ്യത്തു വാഹന നിർമാണം പ്രോത്സാഹിപ്പിക്കാൻ ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നതടക്കമുള്ള നടപടികളുമായി പാകിസ്ഥാൻ. പ്ലാന്റ് സ്ഥാപിക്കുന്ന കമ്പനികൾ വാഹന നിർമാണത്തിനുള്ള യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്യുമ്പോൾ ബാധകമായ തീരുവ ഒഴിവാക്കുമെന്നാണു പാകിസ്ഥാന്റെ വാഗ്ദാനം. ഇത്തരം നടപടികളിലൂടെ രാജ്യത്തെ വാഹന വിപണിയിലെ മത്സരം വർധിപ്പിക്കാനും കുറഞ്ഞ വിലയ്ക്കു മികച്ച വാഹനം ലഭ്യമാക്കാനുമാണു പാകിസ്ഥാന്റെ ശ്രമം. പ്ലാന്റ് മെഷീനറിക്കു പുറമെ പ്രാദേശികമായി നിർമിക്കാൻ കഴിയാത്ത വാഹന ഘടങ്ങളുടെ കാര്യത്തിൽ പുതിയ നിർമാതാക്കൾക്കു ബാധകമായ ഇറക്കുമതി ചുങ്കം 10% ആയും പാകിസ്ഥാൻ നിജപ്പെടുത്തിയിട്ടുണ്ട്. മറ്റു കാർ നിർമാണ സാമഗ്രികൾ ഇറക്കുമതി ചെയ്യുമ്പോൾ 25% ആയിരിക്കും ഇറക്കുമതി തീരുവ. അടുത്ത അഞ്ചു വർഷത്തേക്കാണു പുതിയ നിരക്കുകൾ പ്രാബല്യത്തിലുണ്ടാവുക.

ദശാബ്ദങ്ങളായി ജപ്പാനിൽ നിന്നുള്ള സുസുക്കിയും ടൊയോട്ടയും ഹോണ്ടയുമൊക്കെയാണു പാക് നിരത്തുകൾ വാഴുന്നത്. വിപണിയിലെ ഈ സമഗ്ര ആധിപത്യം മുതലെടുത്ത് ഈ കമ്പനികൾ ഗൂഢാലോചന നടത്തി ഗുണനിലവാരം കുറഞ്ഞ മോഡലുകൾ ഉയർന്ന വിലയ്ക്കു പാക്കിസ്ഥാനിൽ വിൽക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഉപയോക്താക്കളുടെയും വിപണിയുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടാണു പുതിയ വാഹന നിയം പ്രഖ്യാപിക്കുന്നതെന്നു പാകിസ്ഥാൻ പ്രതിരോധ മന്ത്രിയും വാഹനനയ രൂപീകരണ സമിതി അധ്യക്ഷനുമായ ഖ്വാജ മുഹമ്മദ് ആസിഫ് അറിയിച്ചു. വിപണിയിൽ ആധിപത്യമുണ്ടായിട്ടും പാകിസ്ഥാനിലെ നിർമാതാക്കൾ എയർ ബാഗും ആന്റി ലോക്ക് ബ്രേക്കിങ്ങും മലിനീകരണ നിയന്ത്രണ സംവിധാനവുമൊന്നും ലഭ്യമാക്കാൻ മിനക്കെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 1,800 സി സി എൻജിനുള്ള കാറിനായി 26 ലക്ഷം പാകിസ്ഥാനി രൂപ(ഏകദേശം 16.58 ലക്ഷം ഇന്ത്യൻ രൂപ) വരെ മുടക്കിയിട്ടും രാജ്യത്തെ വാഹന ഉടമകൾക്കു മുടക്കുന്ന പണത്തിനൊത്ത മൂല്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.

ഈ വാഹന നയത്തിന്റെ പിൻബലത്തിൽ രണ്ടു മൂന്നു പുതിയ വാഹന നിർമാതാക്കളെയെങ്കിലും രാജ്യത്തേക്ക് ആകർഷിക്കാനാവുമെന്നാണു പ്രതീക്ഷയെന്ന് പാകിസ്ഥാൻ നിക്ഷേപ ബോർഡ് ചെയർമാൻ മിഫ്ത ഇസ്മായിൽ അറിയിച്ചു. ജനസംഖ്യ 20 കോടിയിലേറെയുള്ള പാകിസ്ഥാനിൽ കാറുകൾക്കുള്ള ആവശ്യത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ട്. രാജ്യം 2008നു ശേഷമുള്ള ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച നേടിയതും സമ്പദ്വ്യവസ്ഥയിൽ നിക്ഷേപകർക്കുള്ള വിശ്വാസം വർധിച്ചതും നാണ്യപ്പെരുപ്പ നിരക്ക് കുറഞ്ഞതുമൊക്കെ വാഹന വിപണിക്ക് അനുകൂല ഘടകങ്ങളാണ്.കഴിഞ്ഞ വർഷം ജർമനിയിലെ ഫോക്സ്വാഗനിൽ നിന്നുള്ള പ്രതിനിധി സംഘം പാകിസ്ഥാൻ സന്ദർശിച്ചിുന്നു; എന്നാൽ പ്രാദേശികതലത്തിൽ കാർ നിർമാണം ആരംഭിക്കാനുള്ള പദ്ധതിയൊന്നും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.