ഓസ്ട്രേലിയയിലെ പെട്രോൾ വിലയിൽ വൻഇടിവ്

ഇന്ത്യക്കാർ ഇപ്പോൾ രാത്രിയെയും ഇരുട്ടിനെയുമൊക്കെ പേടിക്കുന്നതു ഭൂത — പ്രേതാദികൾ ഇറങ്ങുമെന്നു കരുതിയല്ല; മറിച്ചു പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിക്കുമെന്നു ഭയന്നിട്ടാണെന്നാണു വാട്സാപ് തമാശ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ബാരലിന് 50 ഡോളർ നിലവാരത്തിലേക്ക് ഉയർന്നതിന്റെ പേരിലായിരുന്നു കഴിഞ്ഞ 31ന് അർധരാത്രിയിലെ വില വർധന; പെട്രോൾ ലീറ്ററിന് 2.58 രൂപയും ഡീസൽ ലീറ്ററിന് 2.26 രൂപയുമാണു ജൂൺ ഒന്നു മുതൽ കൂട്ടിയത്. മേയ് ഒന്നിനു ശേഷം രണ്ടാഴ്ച ഇടവിട്ട് ഇതു മൂന്നാം തവണയാണ് ഇന്ധനവില ഉയർന്നത്. മാത്രമല്ല കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടയിൽ പെട്രോളിന്റെ ചില്ലറ വിൽപ്പന വില ലീറ്ററിന് 4.47 രൂപയും ഡീസൽ ലീറ്ററിന് 6.46 രൂപയുമാണു വർധിച്ചിട്ടുമുണ്ട്. പ്രാദേശിക നികുതികൾ കൂടി ചേർന്നതോടെ കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഇപ്പോഴത്തെ പെട്രോൾ, ഡീസൽ വില.

ഇതു വരെ പറഞ്ഞത് ഇന്ത്യയിലെ കാര്യം. എന്നാൽ ഓസ്ട്രേലിയയിലെ പെട്രോൾ വിലയാവട്ടെ 1999നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി എന്നാണ് പുതിയ വിശേഷം. രാജ്യത്തെ പെട്രോൾ വില 17 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണെന്ന് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ(എ സി സി സി) വെളിപ്പെടുത്തിയത്. 2016 മാർച്ചിൽ സമാപിച്ച ത്രൈമാസത്തിൽ ലീറ്ററിന് 81.4 യു എസ് സെന്റ്(അതായത് 54.40 രൂപ) ആയിരുന്ന ഓസ്ട്രേലിയയുടെ മിക്ക ഭാഗത്തെയും പെട്രോൾ വില; ഇതു മുൻ പാദത്തെ അപേക്ഷിച്ച് 10 സെന്റ് (ഏകദേശം 6.68 രൂപ) കുറവായിരുന്നെന്നും എ സി സി സി വ്യക്തമാക്കുന്നു.

ഓസ്ട്രേലിയൻ നഗരങ്ങളിൽ സിഡ്നിയിലായിരുന്നു പെട്രോൾ വില ഏറ്റവും കുറവ്: 79.2 സെന്റ്(52.93 രൂപ). പെട്രോൾ വില ഏറ്റവും കൂടുതൽ രാജ്യതലസ്ഥാനമായ കാൻബറയിലും ടാസ്മാനിയൻ തലസ്ഥാനമായ ഹൊബാർട്ടിലുമായിരുന്നു: 89.6 സെന്റ്(59.88 രൂപ). ഇതേസമയം കഴിഞ്ഞ മാർച്ച് 17നു മുംബൈയിലെ പെട്രോൾ വില ലീറ്ററിന് 65.74 രൂപയായിരുന്നു.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും രാജ്യത്തെ ചില്ലറ വിൽപ്പന നിരീക്ഷണ സംവിധാനം കാര്യക്ഷമമായതുമൊക്കെയാണ് പെട്രോൾ വില കുറയാൻ കാരണമെന്നാണ് എ സി സി സി ചെയർമാൻ റോഡ് സിംസിന്റെ വിശദീകരണം. ഇന്ധന വിലയിലെ കുറവ് രാജ്യത്തെ വാഹന ഉടമകൾക്കു നേട്ടമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ ഇടിവാണു രേഖപ്പെടുത്തിയത്. 2002നും 2008നും ശേഷമുള്ള ഏറ്റവും താഴ്ന്ന തലത്തിലാണ് അസംസ്കൃത എണ്ണ വില; നാണ്യപ്പെരുപ്പം ഒഴിച്ചു നിർത്തിയാൽ രാജ്യാന്തരതലത്തിലെ പെട്രോൾ വിലയും കുറഞ്ഞ തലത്തിൽതന്നെ. ഇതോടൊപ്പം റീട്ടെയ്ൽ മാർജിനും കഴിഞ്ഞ പാദത്തിൽ കുറവായിരുന്നെന്നു സിംസ് വെളിപ്പെടുത്തി. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ റീട്ടെയ്ൽ മാർജിൻ അന്യായമാംവിധം കൂടുതലായിരുന്നെന്നു വിലയിരുത്തിയ എ സി സി സി 2016 ഫെബ്രുവരിയിൽ ഈ വിഷയത്തിൽ പെട്രോൾ കമ്പനികളോട് വിശദീകരണം തേടിയിരുന്നു.