പുതിയ അംബാസഡർ എത്തും, അഞ്ചു ലക്ഷം രൂപയ്ക്ക്

HM Ambassador, Representative Image

ഇന്ത്യൻ റോഡുകളിലെ രാജാവായിരുന്ന അംബാസഡർ തിരിച്ചെത്തുന്നു. ഒരു കാലത്ത് ഇന്ത്യൻ ജനതയുടെ ഇഷ്ടവാഹനമായി വിലസിയ 'അംബാസഡര്‍' ബ്രാന്‍ഡ് ഫ്രഞ്ച് നിര്‍മാതാക്കളായ പ്യുഷൊയ്ക്കു സ്വന്തമാക്കിയതിന് പിന്നാലെയാണ് ജനപ്രീയ ബ്രാൻഡിനെ വീണ്ടും വിപണിയിലെത്തിക്കുമെന്ന വാർത്തകൾ പുറത്തു വരുന്നത്. സി കെ ബിര്‍ലയുമായുള്ള സംയുക്ത സംരംഭവുമായി ഇന്ത്യയിലേക്കു മടങ്ങിയെത്തുന്ന പ്യുഷൊ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യവാഹനങ്ങളിലൊന്ന് അംബാസഡറായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്പനി ഔദ്യോഗികമായി പ്രതീകരിച്ചിട്ടില്ലെങ്കിലും സെ‍ഡാൻ സെഗ്‌മെന്റിലേയ്ക്കായിരിക്കും പുതിയ അംബാസഡർ എത്തുക. സി.കെ. ബിർള ഗ്രൂപ്പ് 80 കോടി രൂപയ്ക്കാണ് അംബാസഡർ ബ്രാൻഡ് പൂഷോയ്ക്ക് കൈമാറുന്നത്. ബംഗാളിലെ ഉത്തർവാറ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫാക്ടറിയിൽ 1958 ലാണ് ബിർള ഗ്രൂപ്പ് അംബാസഡർ കാർ നിർമാണം തുടങ്ങിയത്. തമിഴ്നാട്ടിൽ വാഹന നിർമാണ ഫാക്ടറി സ്ഥാപിക്കുന്നതുൾപ്പെടെ 700 കോടി രൂപയുടെ നിക്ഷേപം നടത്താൻ സി.കെ. ബിർള ഗ്രൂപ്പുമായി പൂഷോ കഴിഞ്ഞ മാസം പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. തുടക്കത്തിൽ പ്രതിവർഷം ഒരു ലക്ഷം വാഹനങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം.

ബ്രിട്ടനില്‍ നിന്നുള്ള 'മോറിസ് ഓക്‌സ്ഫഡ്' അടിസ്ഥാനമാക്കിയ എച്ച് എം 'അംബാസഡര്‍' 1957ലാണു സി കെ ബിര്‍ല ഗ്രൂപ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഉദാരവല്‍ക്കരണത്തിനു മുമ്പ് വിപണിയിലെ സാധ്യതകള്‍ പരിമിതമായിരുന്ന കാലത്ത് ടാക്‌സി ഡ്രൈവര്‍മാരെ പോലുള്ള സാധാരണക്കാര്‍ മുതല്‍ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ വരെയുള്ളവരുടെ ഇഷ്ടവാഹനമായി കാര്‍ മാറി. ആദ്യ മോഡലായ 'ലാന്‍ഡ് മാസ്റ്റര്‍' മുതല്‍ മാര്‍ക്ക് വണ്‍, ടു, ത്രീ, ഫോര്‍, 'നോവ', 'ഐ എസ് സെഡ്'(ഇസൂസു ഡീസല്‍ എന്‍ജിന്‍ സഹിതം) തുടങ്ങി 2003 - 04 കാലത്തെ 'ഗ്രാന്‍ഡ്', 'അവിഗൊ' പതിപ്പുകളില്‍ വരെ 'അംബാസഡര്‍' വില്‍പ്പനയ്‌ക്കെത്തി. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വാഹന നിര്‍മാണശാലയ്ക്കായിരുന്നു എച്ച് എം 1942ല്‍ ഉത്തര്‍പാറയില്‍ തുടക്കമിട്ടത്; ഏഷ്യയിലെ ആദ്യ ശാലയാവട്ടെ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയുടേതാണ്.

1980കളിൽ പ്രതിവർഷം 24,000 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, 2013–2014 എത്തിയതോടെ ഇത് 2500 യൂണിറ്റിലെത്തി. 2014 മേയ് 24ന് അത് സംഭവിച്ചു; അംബാസഡറിന്റെ നിർമാണം നിർത്തി. ഉത്തർവാറ ഫാക്ടറി ഏഷ്യയിലെ രണ്ടാമത്തെ കാർ നിർമാണശാലകളിൽ ഒന്നാണ്. ജപ്പാനിലെ ടൊയോട്ട ആണ് ആദ്യത്തേത്. പ്രീമിയർ ഗ്രൂപ്പുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ട പൂഷോ അൽപകാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. 2001ൽ ഇതിൽ നിന്നു പിൻവാങ്ങി. 2011 ൽ വിപണിയിൽ തിരിച്ചെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല. 100 വർഷത്തിലേറെ ചരിത്രമുണ്ട് പൂഷോയ്ക്ക്.