ദുബായ് പൊലീസിന് നാലു കോടിയുടെ പോർഷെ

ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർസ്പോർട്സ് കാറുകളെല്ലാം ഒരുമിച്ചു കാണണമെങ്കിൽ ദുബായ് പൊലീസിന്റെ ഗ്യാരേജിലെത്തിയതാൽ മതി. ആസ്റ്റൺ മാർട്ടിൻ വൺ-774, ഔഡി ആർ8, ബെന്റിലി കോണ്ടിനെന്റൽ ജിടി, ബിഎംഡബ്ല്യു ഐ8, ബുഗാട്ടി വെയ്റൺ, ബിഎംഡബ്ല്യു എം6, ഷെവർലെ കമാറോ, ഫെരാരി എഫ്എഫ്, ഫോർഡ് മസ്താങ്, ലംബോർഗ്നി അവന്റഡോർ, മെക്‌ലാറൻ എംപി4-12സി, മെഴ്സിഡസ് ബെൻസ് എസ്എൽ63 എഎംജി, നിസാൻ ജിടിആർ തുടങ്ങി നിരവധി സൂപ്പർ കാറുകളുണ്ട് ദുബായ് പൊലീസിന്റെ കൈവശം.

പോർഷെ 918

ദുബായ്ക്ക് അഭിമാനിക്കുന്നുള്ള വക നൽകി പുതിയൊരു സൂപ്പർ സ്പോർട്സ് കാർ പൊലീസ് സ്വന്തമാക്കിയിരിക്കുന്നു. എന്നാൽ ഇത്തവണ മലിനീകരണം കുറഞ്ഞ, പോർഷെ 918 എന്ന ഹൈബ്രിഡ് സൂപ്പർകാറാണ് വാങ്ങിയിരിക്കുന്നത്. ഏകദേശം 555,000 യൂറോ (ഏകദേശം 3.9 കോടി രൂപ) വിലവരുന്ന കാർ 918 എണ്ണം മാത്രമേ നിർമ്മിച്ചിട്ടുള്ളു. പോർഷെ 2013 ൽ പുറത്തിറക്കിയ കാറിന്റെ നിർമ്മാണം ഈ വർഷം ജൂണിൽ അവസാനിപ്പിച്ചിരുന്നു.

പോർഷെ 918

ഈ മാസം ആദ്യം നടന്ന ദുബായ് ഇന്റർനാഷണൽ മോട്ടോർ ഷോയിലാണ് തങ്ങളുടെ ഏറ്റവും പുതിയ സ്പോർട്സ് കാർ ദുബായ് പൊലീസ് പ്രദർശിപ്പിച്ചത്. 4.6 ലിറ്റർ വി8 എഞ്ചിനും രണ്ട് ഇലക്ട്രിക്ക് മോട്ടോറുമാണ് ഉപയോഗിക്കുന്നത്. 4.6 ലിറ്റർ എഞ്ചിന് 608 ബിഎച്ച്പിയും ഇലക്ട്രിക് മോട്ടറുകൾക്ക് 279 ബിച്ച്പിയും കരുത്തുണ്ട്. രണ്ടു ചേർന്നാണ് 887 ബിഎച്ച്പിയാണ് കാറിന്റെ കരുത്ത്. മണിക്കൂറിൽ 340 കിലോമീറ്ററാണ് പോർഷെ 918 ന്റെ വേഗത. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ കാറിന് 2.5 സെക്കന്റുകൾ മാത്രം മതി.

ദുബായ് പൊലീസിന്റെ കാറുകൾ

ലോകോത്തര നിലവാരമുള്ള ട്രാഫിക്ക് പട്രോൾ ഉപകരണങ്ങളും കാറിൽ ദുബായ് പൊലീസ് ഘടിപ്പിച്ചിട്ടുണ്ട്. മുന്നിൽ പോകുന്ന എല്ലാ വാഹനങ്ങളുടെയും വേഗവും നമ്പർപ്ലേറ്റുമൊക്കെ രേഖപ്പെടുത്തി വേഗത്തിൽ പായുന്നവരേയും, അപകടകരമായി വാഹനമോടിക്കുന്നവരെയും ഇവൻ കുടുക്കും. മണിക്കൂറിൽ 394 കിമീ വേഗത്തിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖം പോലും സ്‌കാൻ ചെയ്യാൻ സാധിക്കുന്ന സാങ്കേതികവിദ്യ കാറിലുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ കൺട്രോൾ റൂമിലേയ്ക്ക് അയയ്ക്കുകയും ചെയ്യാം.