യു എസിൽ ഡീസൽ ‘കായീൻ’ വിൽപ്പന നിർത്തിയെന്നു പോർഷെ

അമേരിക്കയിൽ ഡീസൽ എൻജിനുള്ള ‘കായീൻ’ വിൽപ്പന താൽക്കാലികമായി നിർത്തുകയാണെന്നു ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട അത്യാഡംബര കാർ നിർമാതാക്കളായ പോർഷെ. മലിനീകരണ നിയന്ത്രണ പരിശോധനയിൽ കൃത്രിമം കാട്ടാനുള്ള സംവിധാനങ്ങൾ ഫോക്സ്‌വാഗൻ ശേഷിയേറിയ ഡീസൽ എൻജിനുകളിലും ഉപയോഗിച്ചെന്ന് യു എസിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ) ആരോപിച്ച പിന്നാലെയാണു പോർഷെയുടെ ഉപസ്ഥാപനമായ പോർഷെ കാഴ്സ് നോർത്ത് അമേരിക്ക ഇൻകോർപറേറ്റഡിന്റെ ഈ പ്രഖ്യാപനം. ഫോക്സ്‌വാഗൻ ‘ടുവാറെഗ്’, പോർഷെ ‘കായീൻ’ എന്നിവയ്ക്കും ഔഡിയുടെ വിവിധ മോഡലുകൾക്കും കരുത്തേകുന്ന ആറു സിലിണ്ടർ, മൂന്നു ലീറ്റർ, വി സിക്സ് ടി ഡി ഐ ഡീസൽ എൻജിനുകളിലും ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു ഇ പി എയുടെ ആരോപണം.

ഇ പി എ നിലപാടിനെ തുടർന്ന് 2014 — 2016 മോഡൽ ഡീസൽ ‘കായീൻ’ വിൽപ്പന സ്വമേധയാ താൽക്കാലികമായി നിർത്തുകയാണെന്നാണ് പോർഷെ കാഴ്സിന്റെ പ്രഖ്യാപനം. ഇനിയൊരറിയിപ്പുണ്ടാകും വരെ ഡീസൽ ‘കായീൻ’ വിൽപ്പനയ്ക്കുണ്ടാവില്ലെന്നും കമ്പനി അറിയിച്ചു. പ്രശ്ന പരിഹാരത്തിനു തീവ്ര ശ്രമം നടക്കുന്നുണ്ടെന്നു വെളിപ്പെടുത്തിയ പോർഷെ, നിലവിൽ ഇത്തരം കാറുകൾ വാങ്ങിയവർക്ക് അവ തടസ്സമില്ലാതെ ഉപയോഗിക്കാമെന്നും വ്യക്തമാക്കുന്നു. അതേസമയം യു എസിൽ നിലനിൽക്കുന്ന കർശന മലിനീകരണ നിയന്ത്രണ പരിശോധനകളെ മറികടക്കാനായി രൂപകൽപ്പന ചെയ്ത ‘പുകമറ’ സോഫ്റ്റ്വെയർ ഈ കാറുകളിൽ ഘടിപ്പിച്ച എൻജിനിലുണ്ടോ എന്നതു സംബന്ധിച്ചു പോർഷെ മറുപടി നൽകാത്തതു ശ്രദ്ധേയമാണ്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇ പി എയുമായി ഫോക്സ്വാഗൻ പൂർണമായും സഹകരിക്കുമെന്നു മാത്രമാണു പോർഷെ പറയുന്നത്. ലഭ്യമായ വിവരങ്ങളനുസരിച്ച് ഡീസൽ എൻജിനുള്ള ‘കായീൻ’ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ പൂർണമായും പാലിക്കുന്നുണ്ടെന്നും പോർഷെ അവകാശപ്പെട്ടു. അതേസമയം മലിനീകരണ നിയന്ത്രണ പരിശോധനാ വേള തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ‘പുകമറ’ സോഫ്റ്റ്വെയർ മൂന്നു ലീറ്റർ, ടി ഡി ഐ, വി സിക്സ് ഡീസൽ എൻജിനിലുമുണ്ടെന്നായിരുന്നു ഇ പി എയുടെ നിലപാട്. പരിശോധനയിൽ തെറ്റിദ്ധരിപ്പിക്കുന്ന ഫലം സൃഷ്ടിക്കാൻ ഈ സംവിധാനത്തിനു കഴിയുമെന്നും ഇ പി എ വ്യക്തമാക്കുന്നു.

മലിനീകരണ നിയന്ത്രണ പരീക്ഷ ജയിക്കാനായി രണ്ടു ലീറ്റർ, ടി ഡി ഐ ഡീസൽ എൻജിനിൽ ഇത്തരം ‘പുകമറ’ സോഫ്റ്റ്വെയർ ഘടിപ്പിച്ചിട്ടുണ്ടെന്നു നേരത്തെ ഫോക്സ്‌വാഗൻ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ മൂന്നു ലീറ്റർ എൻജിനിലും കൃത്രിമം കാട്ടിയെന്നു തിരിച്ചറിഞ്ഞതോടെ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട പോർഷെ, ഔഡി മോഡലുകളും സംശയ നിഴലിലായി. 2014 ഫോക്സ്‌വാഗൻ ‘ടുവാറെഗ്’, 2015 പോർഷെ ‘കായീൻ’, 2016 ഔഡി ‘എ സിക്സ് ക്വാട്രോ’, ‘എ സെവൻ ക്വാട്രോ’, ‘എ എയ്റ്റ്’, ‘എ എയ്റ്റ് എൽ’, ‘ക്യു ഫൈവ്’ ക്രോസോവർ തുടങ്ങിയവയ്ക്കെല്ലാം കരുത്തേകുന്നത് ഈ മൂന്നു ലീറ്റർ, വി സിക്സ്, ടി ഡി ഐ എൻജിനാണ്.