പോർഷെ സെന്റർ കൊൽക്കത്ത ഉദ്ഘാടനം 30ന്

ജർമൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ കൊൽക്കത്ത ഷോറൂം 30ന് തുറക്കുന്നു. മെട്രോ നഗരത്തിലെ തോപ്സിയ റോഡിനു സമീപമായാണു പോർഷെ സെന്റർ കൊൽക്കത്ത പ്രവർത്തനം ആരംഭിക്കുന്നത്. 5,952 ചതുരശ്ര അടി വിസ്തീർണത്തിൽ സജ്ജീകരിച്ച ഷോറൂമിൽ പോർഷെ ശ്രേണിയിലെ മോഡലുകളെല്ലാം ഇടംപിടിക്കും. കൊൽക്കത്തയിലെ പോർഷെ സെന്ററിലൂടെ രാജ്യത്തിന്റെ കിഴക്കൻ മേഖലയിലാകെ ശ്രദ്ധ കേന്ദ്രീകരിക്കാനാണു കമ്പനിയുടെ പദ്ധതി.

മൂന്നു വർഷം മുമ്പ് 2012 ഏപ്രിൽ മുതലാണു പോർഷെ ഇന്ത്യയിലെ പ്രവർത്തനം സജീവമാക്കിയത്. നിലവിൽ സ്പോർട്സ് കാറുകളായ ‘911’, ‘ബോക്സ്റ്റർ’, ‘കേമാൻ’, സ്പോർട്സ് സെഡാനായ ‘പാനമീറ’, എസ് യു വികളായ ‘മക്കാൻ’, ‘കായീൻ’ എന്നിവയാണു പോർഷെ ഇന്ത്യയിൽ വിൽക്കുന്നത്.

സ്റ്റുട്ട്ഗർട്ട് ആസ്ഥാനമായ പോർഷെയുടെ ഇന്ത്യയിലെ അഞ്ചാമതു ഷോറൂമാണു കൊൽക്കത്തയിൽ ആരംഭിക്കുന്നത്; നിലവിൽ മുംബൈ, ഗുഡ്ഗാവ്, ബെംഗളൂരു, അഹമ്മദബാദ് എന്നിവിടങ്ങളിലാണു പൂർണ തോതിലുള്ള പോർഷെ സെന്ററുകളുള്ളത്. ഇതോടൊപ്പം കൊച്ചിയിലും ചണ്ഡീഗഢിലും പോർഷെ ഡീലർഷിപ്പുകളും പ്രവർത്തിക്കുന്നുണ്ട്.

ഫോക്സ്വാഗൻ ഗ്രൂപ്പ് സെയിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വിഭാഗമായ പോർഷെ ഇന്ത്യയാണ് ഈ വാഹനങ്ങൾ ഇറക്കുമതി വഴി ഇന്ത്യയിലെത്തിച്ചു വിൽക്കുന്നത്. കാർ ഇറക്കുമതിക്കു പുറമെ ഡീലർഷിപ്പുകളുടെ പ്രവർത്തനത്തിന്റെയും വിൽപ്പന, വിൽപ്പനാന്തര സേവനങ്ങളുടെയുമൊക്കെ ചുമതല പോർഷെ ഇന്ത്യയ്ക്കാണ്. പോർഷെ ശ്രേണിക്ക് ആവശ്യമായ യന്ത്രഘടകങ്ങളും അനുബന്ധ സാമഗ്രികളും ഇറക്കുമതി ചെയ്യുന്നതും പോർഷെ ഇന്ത്യ തന്നെ.