ഇന്ത്യയിലേക്ക് ഉടൻ മടങ്ങില്ലെന്നു പ്യുഷൊ സിട്രോൺ

ഇന്ത്യയിൽ പ്രവർത്തനം പുനഃരാരംഭിക്കാൻ ഉടനെയൊന്നും പദ്ധതിയില്ലെന്നു ഫ്രഞ്ച് നിർമാതാക്കളായ പി എസ് എ പ്യുഷൊ സിട്രോൺ. ടാറ്റ മോട്ടോഴ്സുമായി സഹകരിച്ച് ഇന്ത്യൻ വിപണിയിൽ തിരിച്ചെത്താൻ പ്യുഷൊ ശ്രമം തുടങ്ങിയെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു കമ്പനി.

ഇരുകമ്പനികളുമായുള്ള ധാരണപ്രകാരം പ്യുഷൊയിൽ നിന്നുള്ള കാറുകൾ ടാറ്റ മോട്ടോഴ്സ് ഇന്ത്യയിൽ നിർമിച്ചു വിൽക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പത്രവാർത്ത. ടാറ്റയും പ്യുഷൊയും എൻജിൻ സാങ്കേതികവിദ്യയും പ്ലാറ്റ്ഫോമുമൊക്കെ പങ്കിടുമെന്നും വാർത്തയിലുണ്ടായിരുന്നു. എന്നാൽ പ്യുഷൊയുടെ ഇന്ത്യയിലേക്കുള്ള മടക്കത്തിനു വ്യക്തമായ സമയക്രമമൊന്നും വാർത്തയിലുണ്ടായിരുന്നില്ല. അതേസമയം ഇന്ത്യയിലേക്കു മടങ്ങുന്നതു സംബന്ധിച്ചു തീരുമാനമൊന്നുമായിട്ടില്ലെന്നായിരുന്നു പ്യുഷൊ വക്താവിന്റെ നിലപാട്. 2014ൽ പ്യുഷൊ മേഖലാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ചിരുന്നു.

പുതുതായി തുടങ്ങിയ മേഖലകളിൽ ‘ഇന്ത്യ പസഫിക്’ ഇടംപിടിച്ച് ഇന്ത്യൻ വിപണിക്കു കമ്പനി നൽകുന്ന പ്രാധാന്യത്തിനു തെളിവാണെന്നും വക്താവ് വിശദീകരിച്ചു. ഒപ്പം അഭ്യൂഹങ്ങളോടു പ്രതികരിക്കാനില്ലെന്നും പ്യുഷൊ വ്യക്തമാക്കിയിട്ടുണ്ട്. ഏതു സമയത്തും കമ്പനി വിവിധ സാധ്യതകൾ പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ പ്രതികരണം. എന്നാൽ ഈ ഘട്ടത്തിൽ പ്രഖ്യാപനങ്ങളൊന്നും നടത്താനില്ലെന്നും കമ്പനി വ്യക്തമാക്കി.

രണ്ടു പതിറ്റാണ്ടിലേറെ കാലം മുമ്പാണു പ്യുഷൊ ഇന്ത്യൻ വിപണിയോടു വിട പറഞ്ഞത്. തുടർന്ന് 2011ൽ ഇന്ത്യയിൽ തിരിച്ചെത്താൻ കമ്പനി ശ്രമിച്ചിരുന്നു. പശ്ചിമേന്ത്യയിൽ 65 കോടി യൂറോ ചെലവിൽ പ്രതിവർഷം 1.70 ലക്ഷം കാർ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പുതിയ ശാല സ്ഥാപിക്കുമെന്നായിരുന്നു പ്യുഷൊയുടെ പ്രഖ്യാപനം. എന്നാൽ യൂറോപ്പിൽ സാമ്പത്തിക മാന്ദ്യം പടർന്നതോടെ 2012 അവസാനിക്കുമ്പോൾ പ്യുഷൊ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമെന്ന സ്ഥിതിയിലായി. ഇതോടെ ഇന്ത്യയിലേക്കു മടങ്ങാനുള്ള പ്യുഷൊയുടെ നീക്കങ്ങൾക്കും താൽക്കാലിക വിരാമമായി.