വരുന്നു 400 സിസി പൾസർ

പ്രീമിയം ബൈക്ക് സെഗ്‌മെന്റിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൾസറിന്റെ കരുത്തുകൂടിയ വകഭേദം ബജാജ് അവതരിപ്പിക്കുന്നു. 2014 ഡൽഹി ഓട്ടോ എക്സ്പൊയിൽ അവതരിപ്പിച്ച പൾസർ 400 സിഎസ് കൺസെപ്റ്റിന്റെ പ്രൊ‍ഡക്ഷൻ വകഭേദം അടുത്ത മേയ്യിൽ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണു സൂചന.

ക്രൂയിസർ സ്പോർട്സ് ബൈക്ക് എന്ന ടാഗ്‌ലൈനിൽ എത്തുന്ന വാഹനത്തിന് ഡ്യൂക്ക് 390, ആർസി 390 തുടങ്ങിയവയിൽ ഉപയോഗിക്കുന്ന 373.4 സിസി എൻജിനാണുള്ളത്. സിംഗിൾ സിലിണ്ടർ, എയർകൂൾഡ് എൻജിന് 40 ബിഎച്ച്പി കരുത്തുമുണ്ടാകും. ഈ ബൈക്കിന്റെ മുന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുകളും പിന്നിൽ എബിഎസുമാണുള്ളത്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, എൽസിഡി ഡിസ്പ്ലെ യൂണിറ്റ്, അലോയ് വീലുകൾ, സ്പോർടി എക്സോസ്റ്റ്, എൽഇഡി ടെയിൽലാമ്പുകൾ എന്നീ സവിശേഷതകളും പൾസർ 400 സിഎസിലുണ്ടാകും. ഡ്യൂക്ക് 390 യുടെ അതേ എൻജിനാണ് ഉപയോഗിക്കുന്നതെങ്കിലും വില അതിനെക്കാൾ കുറവായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.