ഗവേഷണ ചെലവ്: ടാറ്റ മോട്ടോഴ്സിന് 49—ാം സ്ഥാനം

Tata Motors

ആഗോളതലത്തിൽ ഗവേഷണ, വികസന(ആർ ആൻഡ് ഡി) മേഖലയിൽ വൻ നിക്ഷേപം നടത്തുന്ന കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സും. ആർ ആൻഡ് ഡിക്കായി ലോകത്ത് ഏറ്റവുമധികം നിക്ഷേപം നടത്തുന്ന 50 കമ്പനികളുടെ പട്ടികയിലാണ് ടാറ്റ മോട്ടോഴ്സ് ഇടംപിടിച്ചത്; ജർമൻ വാഹന നിർമാണ ഗ്രൂപ്പായ ഫോക്സ്‌വാഗനാണു പട്ടികയിൽ ഒന്നാമത്. യൂറോപ്യൻ കമ്മിഷൻ തയാറാക്കിയ 2015ലെ വാർഷിക ഇൻഡസ്ട്രിയൽ ആർ ആൻഡ് ഡി ഇൻവെസ്റ്റ്മെന്റ് സ്കോർബോഡിൽ ഫോക്സ്‌വാഗനു പിന്നിൽ സാംസങ്, മൈക്രോസോഫ്റ്റ്, ഇന്റെൽ, നൊവാർടിസ് എന്നീ കമ്പനികളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ. ഗൂഗിൾ, റോഷെ, ജോൺസൺ ആൻഡ് ജോൺസൺ, ടൊയോട്ട, ഫൈസർ എന്നിവയാണ് ആറു മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്.

Volkswagen

കഴിഞ്ഞ വർഷം ഈ പട്ടികയിൽ 104—ാം സ്ഥാനത്തായിരുന്നു ടാറ്റ മോട്ടോഴ്സ്; ഇക്കൊല്ലം 49—ാം സ്ഥാനത്തേക്കാണു കമ്പനി മുന്നേറിയത്. പട്ടികയിലെ കമ്പനികളിൽ ആർ ആൻഡ് ഡി വിഭാഗത്തിലെ ചെലവ് ഏറ്റവും വർധിപ്പിച്ച കമ്പനിയും ടാറ്റ മോട്ടോഴ്സ് തന്നെ; പക്ഷേ ആർ ആൻഡ് നിക്ഷേപത്തിൽ സിംഹഭാഗവും ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡുകളായ ജഗ്വാറിനും ലാൻഡ് റോവറിനും വേണ്ടിയാവും ഗ്രൂപ് ചെലവിടുക. ആർ ആൻഡ് ചെലവ് അടിസ്ഥാനമാക്കി തയാറാക്കിയ 2,500 കമ്പനികളുടെ പട്ടികയിൽ 26 എണ്ണമാണ് ഇന്ത്യയിൽ നിന്നുള്ളവ. അതേസമയം യു എസിൽ നിന്നുള്ള 869 കമ്പനികളും ജപ്പാനിൽ നിന്നുള്ള 360 എണ്ണവും ചൈനയിൽ നിന്നുള്ള 301 കമ്പനികളും തയ്വാനിൽ നിന്നുള്ള 114 എണ്ണവും സ്വിറ്റ്സർലൻഡിൽ നിന്നുള്ള 80 സ്ഥാപനങ്ങളും പട്ടികയിലുണ്ട്. കാനഡയിൽ നിന്നും ഇസ്രയേലിൽ നിന്നും 27 കമ്പനികൾ വീതമാണ് പട്ടികയിൽ. യൂറോപ്യൻ യൂണിയനിൽ നിന്ന് 608 കമ്പനികളാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്: ജർമനി (136), യു കെ (135), ഫ്രാൻസ് (86), സ്വീഡൻ(42), ഇറ്റലി(32) എന്നിങ്ങനെയാണു യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം. രാജ്യം അടിസ്ഥാനമാക്കിയാൽ കമ്പനികളുടെ എണ്ണത്തിൽ ഇന്ത്യ 15—ാം സ്ഥാനത്താണ്.

Mahindra

ടാറ്റ മോട്ടോഴ്സിനു പുറമെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പട്ടികയിലുണ്ട്: 451—ാം സ്ഥാനത്ത്. ഡോ റെഡ്ഡീസ് ലബോറട്ടീസ്(404—ാം സ്ഥാനം), റിലയൻസ് ഇൻഡസ്ട്രീസ്(540), ലുപിൻ(624), സൺ ഫാർമ(669), സിപ്ല(831), ഇൻഫോസിസ്(884) തുടങ്ങിയവരും പട്ടികയിൽ ഇടം നേടി. ഒ എൻ ജി സി, ടാറ്റ സ്റ്റീൽ, വോക്ക്ഹാർട്ട്, കാഡില ഹെൽത്ത് കെയർ, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ബി എച്ച് ഇ എൽ, പിരാമൽ എന്റർപ്രൈസസ്, വിപ്രോ, ഹെലിയോസ് ആൻഡ് മാതേഴ്സൻ, എച്ച് സി സിഷ അശോക് ലേയ്ലൻഡ്, അപ്പോളൊ ടയേഴ്സ്, ടി സി എസ്, സുസ്ലോൻ എനർജി, ടി വി എസ് മോട്ടോർ, ഫോഴ്സ് ഇന്ത്യ, എച്ച് സി എൽ ടെക്, ഗ്ലെൻമാർക്ക് തുടങ്ങിയ കമ്പനികളും ആദ്യ 2,500 കമ്പനികളുടെ പട്ടികയിൽ ഇടം നേടി.