പേപ്പർ പാലത്തിന് മുകളിലൂടെ റേഞ്ച് റോവർ

പേപ്പർ പാലത്തിൽ എത്ര ഭാരം വരെ കയറ്റാനാകും? കൃത്യമായി പറയാനൊക്കില്ല അല്ലേ, അതു കയറ്റിത്തന്നെ നോക്കണം. എന്നാൽ കേട്ടോളൂ... പേപ്പർ കൊണ്ടുള്ള പാലത്തിന് 2374 കിലോ ഭാരം വരെ താങ്ങാനാവും. ഈ സാഹസിക പരീക്ഷണം ആരു നടത്തിയെന്നല്ലേ. പേപ്പർ കണ്ടുപിടിച്ച ചൈനയിൽ തന്നെയാണ് ഈ പരീക്ഷണവും നടന്നത്. പേപ്പറുകൊണ്ട് നിർമ്മിച്ച പാലത്തിന്റെ മുകളിലൂടെ പോയത് ഒരു റേഞ്ച് റോവറും.

റേഞ്ച് റോവർ പുറത്തിറങ്ങിയിട്ട് 45 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചരിത്രത്തിൽ ഇടംപിടിച്ച ഈ അഭ്യാസം നടന്നത്. ഈ പ്രകടനം നടത്തിയ കാറിനുമുണ്ട് പ്രത്യേകത, റേഞ്ച് റോവറിന്റെ അറുപത് ലക്ഷം തികയ്ക്കുന്ന മോഡലായിരുന്നു കക്ഷി. 54,390 പേപ്പറുകൾകൊണ്ടാണ് അഞ്ചടി ഉയരമുള്ള ഈ പാലം നിർമ്മിച്ചത്. എൻവയോൺമെന്റൽ ആർട്ടിസ്റ്റായ സ്റ്റീവ് മെസാമാണ് പാലം നിർമിച്ചത്. പേപ്പർ ചേർത്തുവെയ്ക്കുന്നതിനായി ബോൾട്ടുകളോ പശയൊ ഉപയോഗിച്ചിട്ടില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. പേപ്പറുകൾ‌ ടൈറ്റായി അടുക്കിയാണ് പാലം നിർമ്മിച്ചതെന്നാണ് നിർമാതാക്കൾ പറയുന്നത്.

നേരത്തെ പല തവണ ഇത്തരത്തിലുള്ള പാലം നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഭാരമുള്ള വസ്തു ആദ്യമായാണ് പേപ്പർ‌ പാലത്തിന്റെ മുകളിലൂടെ കയറുന്നതെന്നാണു പാലം നിർമിച്ച സ്റ്റീവ് പറഞ്ഞത്. ലാൻഡ് റോവറിന്റെ ലോകപ്രശസ്ത എസ് യു വിയായ റേഞ്ച് റോവർ 1970 ലാണ് വിപണിയിലെത്തുന്നത്. ഇതുവരെ നാല് തലമുറകൾ പുറത്തിറങ്ങിയിട്ടുള്ള എസ് യുവി ലോകത്തിലെ ഏറ്റവും മികച്ച ഓഫ് റോഡ് വാഹനങ്ങളിലൊന്നാണ്.