രവീന്ദ്ര പിഷാരടി ‘സയാം’ വൈസ് പ്രസിഡന്റ്

Ravindra Pisharody

ഇന്ത്യയിലെ വാഹന നിർമാതാക്കളുടെ സംഘടനയായ ‘സയാ’മിന്റെ പുതിയ വൈസ് പ്രസിഡന്റായി ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ (കൊമേഴ്സ്യൽ വെഹിക്കിൾസ്) രവീന്ദ്ര പിഷാരടി നിയമിതനായി. ടാറ്റ ഗ്രൂപ്പിൽപെട്ട ടാറ്റ മാർകൊപോളൊ മോട്ടോഴ്സ്, ടാറ്റ കമ്മിൻസ്, ടാറ്റ ഇന്റർനാഷനൽ, ദക്ഷിണ കൊറിയയിലെ ടാറ്റ ദെയ്വൂ കൊമേഴ്സ്യൽ വെഹിക്കിൾസ്, ടാറ്റ മോട്ടോഴ്സ് സൗത്ത് ആഫ്രിക്ക എന്നിവയുടെ ഡയറക്ടർ ബോർഡിൽ അംഗവുമാണു രവി പിഷാരടി. മൂന്നു പതിറ്റാണ്ടായി വാഹന വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന പിഷാരടി, വിൽപ്പന, വിപണന, ബിസിനസ് മാനേജ്മെന്റ്, സ്ട്രാറ്റജി ഡവലപ്മെന്റ് മേഖലകളിൽ ദേശീയ തലത്തിലും മേഖലാതലത്തിലും ആഗോളതലത്തിലുമൊക്കെ നേതൃപദവികൾ വഹിച്ചിട്ടുണ്ട്.

ഖരഗ്പൂർ ഐ ഐടിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദവും കൊൽക്കത്ത ഐ ഐ എമ്മിൽ നിന്നു മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ രവി പിഷാരടി 2007ലാണു ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹന വിഭാഗത്തിൽ വിൽപ്പന, വിപണന ചുമതലയുള്ള വൈസ് പ്രസിഡന്റായി ചേർന്നത്. 2012 ജൂൺ 21നാണ് അദ്ദേഹം എക്സിക്യൂട്ടീവ് ഡയറക്ടർ പദത്തിലെത്തിയത്. ഫിലിപ്സ് ഇന്ത്യയിയും ബി പിയുടെ ഉപസ്ഥാപനമായ കാസ്ട്രോളിലും പ്രവർത്തിച്ച പരിചയവുമായാണു പിഷാരടി ടാറ്റ മോട്ടോഴ്സിലെത്തിയത്. സംഘടനയുടെ വൈസ് പ്രസിഡന്റ് പദത്തെ പ്രതീക്ഷയോടെയാണു സമീപിക്കുന്നതെന്നായിരുന്നു പിഷാരടിയുടെ ആദ്യ പ്രതികരണം. വെല്ലുവിളികൾ നിറഞ്ഞ പദവിയാണിതെന്നും പൊതുവായ ലക്ഷ്യങ്ങൾ നേടിയെടുക്കാനും സംഘടനയെ ശക്തിപ്പെടുത്താനും സാധ്യമായ സംഭാവനകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.വാണിജ്യ വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ പ്രധാന എതിരാളികളായ അശോക് ലേയ്ലൻഡിന്റെ മാനേജിങ് ഡയറക്ടറായ വിനോദ് കെ ദാസരിയാണ് ‘സയാ’മിന്റെ പ്രസിഡന്റ്.