റെനോ എഫ് വൺ ടീം മേധാവി സ്ഥാനം ഒഴിഞ്ഞു

Frederic Vasseur

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന റെനോ ടീം മേധാവി ഫ്രെഡറിക് വാസിയർ സ്ഥാനം ഒഴിഞ്ഞു. ഉഭയകക്ഷി സമ്മതത്തോടെയാണ് ടീം മേധാവിയുടെ പിൻമാറ്റമെന്നു റെനോ വെളിപ്പെടുത്തി. കഴിഞ്ഞ സീസണിൽ റെനോ മത്സരരംഗത്തു തിരിച്ചെത്തിയപ്പോഴാണു വാസിയർ ടീം മേധാവിയായി സ്ഥാനമേറ്റത്. നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ ഒൻപതാം സ്ഥാനത്തോടെയാണു റെനോ സീസൺ പൂർത്തിയാക്കിയത്.

ഫോർമുല വൺ ടീം പുനഃരവതരിപ്പിക്കുകയും പുനഃർനിർമിക്കുകയും ചെയ്ത ആദ്യ സീസണു ശേഷം റെനോ സ്പോർട് റേസിങ്ങും മേധാവി ഫ്രെഡറിക് വാസിയറും പരസ്പരധാരണയോടെ പിരിയുകയാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.ടീമിന്റെ പുതിയ മേധാവിയെ സംബന്ധിച്ചു റെനോ സൂചനകളൊന്നും നൽകിയിട്ടില്ല. ഫോർമുല വൺ മത്സരരംഗത്തു തിരിച്ചെത്തിയ ശേഷമുള്ള രണ്ടാം സീസണെക്കുറിച്ചും കൈവരിക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ചുുമൊക്കെ പുതിയ കാർ അവതരണവേളയിൽ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നാണു റെനോയുടെ നിലപാട്.

ഫോഴ്സ് ഇന്ത്യയ്ക്കൊപ്പമായിരുന്ന ജർമൻ ഡ്രൈവർ നികൊ ഹൽകൻബർഗിനെ 2017 സീസണിൽ മത്സരിക്കാൻ റെനോ ഒപ്പം കൂട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് ഡ്രൈവർ ജോളിയൻ പാമറാവും ഹൽകൻബർഗിന്റെ പങ്കാളി. റെനോയ്ക്കൊപ്പം ചേരുംമുമ്പ് 10 വർഷത്തോളം എ ആർ ടി ജി പി ടീമിന്റെ മേധാവിയായിരുന്നു വാസിയർ. ഫോർമുല വണ്ണിനു താഴെയുള്ള മോട്ടോർ സ്പോർട് മത്സരങ്ങളിലെ നിർണായക ശക്തിയാണ് എ ആർ ടി ജി പി ടീം.