‘ക്വിഡ്’ കസറി; ഹോണ്ടയെ പിന്തള്ളി റെനോ നാലാം സ്ഥാനത്ത്

നിരത്തിലെത്തിയതു മുതൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന ചെറുകാറായ ‘ക്വിഡി’ന്റെ പിൻബലത്തിൽ ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കും ഉജ്വല മുന്നേറ്റം. ഏപ്രിലിലെ കാർ വിൽപ്പനയിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിനെ പിന്തള്ളി റെനോ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു മുന്നേറി; മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ കമ്പനികളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. 2016 ഏപ്രിലിൽ റെനോ 12,426 യൂണിറ്റ് വിറ്റപ്പോൾ ഹോണ്ടയുടെ വിൽപ്പന 10,982 കാറുകളിൽ ഒതുങ്ങി.


കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ചു കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ 211% വളർച്ചയാണു റെനോ കൈവരിച്ചത്. 2015 ഏപ്രിലിൽ 4,001 കാറുകൾ മാത്രം വിറ്റ റെനോയ്ക്ക് ‘ക്വിഡി’ന്റെ വരവാണു പുതിയ ഊർജം പകർന്നത്. ‘ക്വിഡി’നോടുള്ള വിപണിയുടെ പ്രിയം മാറ്റമില്ലാതെ തുടരുന്നതിനാൽ വരുംമാസങ്ങളിലും കാർ വിൽപ്പനയിൽ കമ്പനി തകർപ്പൻ പ്രകടനം തുടരാനാണു സാധ്യത. പോരെങ്കിൽ പതിനായിരക്കണക്കിന് പേരാണു ‘ക്വിഡി’നായി ബുക്കിങ് നടത്തി കാത്തിരിക്കുന്നത്. വാഹന കൈമാറ്റം വേഗത്തിലാക്കാൻ റെനോ ‘ക്വിഡി’ന്റെ പ്രതിമാസ ഉൽപ്പാദനം 10,000 യൂണിറ്റോളമായി ഉയർത്തിയിട്ടുണ്ട്. രാത്രിയിൽ കൂടി ഒരഗടത്തെ റെനോ നിസ്സാൻ ശാല പ്രവർത്തനം തുടങ്ങിയതോടെ ‘ക്വഡി’നുള്ള കാത്തിരിപ്പ് ആറു മാസത്തിൽ നിന്നു നാലു മാസത്തോളമായി കുറഞ്ഞിട്ടുണ്ട്.


ഇതിനു പുറമെ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘ക്വിഡ്’ വകഭേദങ്ങൾ ഇക്കൊല്ലം തന്നെ നിരത്തിലെത്തിക്കാനും റെനോ ശ്രമിക്കുന്നുണ്ട്. ശേഷിയേറിയ, ഒരു ലീറ്റർ എൻജിനുള്ള മോഡലും ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സൗകര്യമുള്ള വകഭേദവുമൊക്കെയാണു റെനോ പ്രദർശിപ്പിച്ചത്.  അതേസമയം, നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ അർബൻ ക്രോസോവറായ ‘റെഡി ഗോ’യുടെ വരവ് ‘ക്വിഡി’ന്റെ ആധിപത്യത്തിനു ഭീഷണി ഉയർത്തുമെന്ന ആശങ്ക ശക്തമാണ്. ‘ക്വിഡി’ന് അടിത്തറയാവുന്ന സി എം എഫ് — എ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച്, 800 സി സി പെട്രോൾ എൻജിനും അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സുമായെത്തുന്ന ‘റെഡി ഗോ’യ്ക്ക് ‘ക്വിഡി’നെ അപേക്ഷിച്ച് വില കുറവാകുമെന്നാണു സൂചന.