യൂസ്ഡ് കാർ വിൽപ്പനയ്ക്കൊരുങ്ങി ‘റെനോ സെലക്ഷൻ’

യൂസ്ഡ് കാർ വ്യാപാര മേഖലയിലേക്ക് ഫ്രഞ്ച് നിർമാതാക്കളായ റെനോയുമെത്തി. പ്രീ ഓൺഡ് കാർ വ്യാപാരത്തിനായി ‘റെനോ സെലക്ഷൻ’ എന്നു പേരിട്ട ആദ്യ ഔട്ട്ലെറ്റ് ബെംഗളൂരുവിലാണു കമ്പനി ആരംഭിച്ചത്. എല്ലാ ബ്രാൻഡിലുമുള്ള പ്രീ ഓൺഡ് കാറുകൾ വാങ്ങാനും വിൽക്കാനും കൈമാറ്റം ചെയ്യാനുമുള്ള സുതാര്യവും വിശ്വസനീയവുമായ പ്ലാറ്റ്ഫോം എന്നാണു കമ്പനി ‘റെനോ സെലക്ടി’നെ പരിചയപ്പെടുത്തുന്നത്. മികച്ച വായ്പ, ഇൻഷുറൻസ്, വാറന്റി, റോഡ് സൈഡ് അസിസ്റ്റൻസ്(ആർ എസ് എ) സൗകര്യങ്ങളോടെയാണു ‘റെനോ സെലക്ഷനി’ലെ പ്രീ ഓൺഡ് കാറുകൾ വിൽപ്പനയ്ക്കെത്തുകയെന്നും റെനോ അറിയിച്ചു. ഇക്കൊല്ലം 20 ‘റെനോ സെലക്ഷൻ’ ഔട്ട്ലെറ്റുകൾ തുറക്കാനാണു കമ്പനിയുടെ പദ്ധതി; അടുത്ത വർഷം 50 ഷോറൂമുകൾ കൂടി പ്രവർത്തനം തുടങ്ങും. ജയ്പൂർ, നാഗ്പൂർ, ചണ്ഡീഗഢ് നഗരങ്ങളിലാണ് അടുത്ത ‘റെനോ സെലക്ഷൻ’ ഔട്ട്ലെറ്റുകൾ തുറക്കുക.

റെനോയുടെ പുതിയ കാർ വാങ്ങാനെത്തുന്നവർ മറ്റു ബ്രാൻഡിൽ പെട്ട കാറുകളാണു കൈമാറുന്നതെങ്കിലും അവയും ‘റെനോ സെലക്ഷൻ’ വഴി വിൽക്കാനാണു കമ്പനിയുടെ തീരുമാനം. ഇന്ത്യയിൽ വിൽപ്പന വളർച്ചയ്ക്കായി ആക്രമണോത്സുക മാർഗമാണു കമ്പനി തിരഞ്ഞെടുത്തിരിക്കുന്നതെന്നു റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഇടപാടുകാർക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു റെനോ ഇന്ത്യ ഈ പുതിയ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പുത്തൻ മോഡലുകളുടെ അവതരണളും ഉടമകൾ അതിവേഗം കാർ മാറുന്നതും വ്യക്തിഗത വരുമാനത്തിലെ വർധനയുമൊക്കെ കാരണം കഴിഞ്ഞ ദശാബ്ദത്തിനിടെ ഇന്ത്യയിലെ പ്രീ ഓൺഡ് കാർ വിപണിയിൽ വൻ വളർച്ചയാണു ദൃശ്യമാവുന്നതെന്നു സാഹ്നി അഭിപ്രായപ്പെട്ടു. മികച്ച നിലവാരമുള്ള മൾട്ടി ബ്രാൻഡ് പ്രീ ഓൺഡ് കാറുകളാണു ‘റെനോ സെല്കഷൻ’ വഴി ലഭ്യമാക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.

പശ്ചിമ യൂറോപ്പ്, യു കെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ പ്രീ ഓൺഡ് കാർ വിപണിയുടെ വലിപ്പം പുതിയ കാർ വിപണിയുടെ മൂന്നിരട്ടിയോളമാണ്. ഇന്ത്യയിലും പ്രീ ഓൺഡ് കാർ വ്യാപാരം പുതിയ കാറുകളുടെ വിൽപ്പനയെ മറികടന്നു കഴിഞ്ഞു. അഞ്ചു വർഷത്തിനകം പ്രീ ഓൺഡ് കാർ മേഖലയിലെ വ്യാപാരത്തോത് പുതിയ കാറുകളുടെ ഇരട്ടിയോളമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ റെനോ ബ്രാൻഡിന്റെ ഇന്ത്യയിലെ വളർച്ചയിൽ ‘റെനോ സെലക്ഷൻ’ നിർണായക പങ്കാവും വഹിക്കുകയെന്നും അദ്ദേഹം പ്രത്യാശിച്ചു. ഫ്രാൻസിലെ റെനോ എസ് എ എസിന്റെ ഉപസ്ഥാപനമായ റെനോ ഇന്ത്യയ്ക്ക് ഏഴു മോഡലുകളാണു വിപണിയിലുള്ളത്.